കൊവിഡ് ബാധിച്ച് മരിച്ചാൽ മൃതദേഹം മതാചാര പ്രകാരം കബറടക്കാൻ അനുവദിക്കണം: സമസ്ത

By Web TeamFirst Published Oct 14, 2020, 3:35 PM IST
Highlights

മൃതദേഹത്തിൽ നിന്ന് കൊവിഡ് പകരില്ലെന്ന് കണ്ടെത്തിയതാണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ ദേഹത്തിൽ നിന്നുള്ള സ്രവങ്ങളിലൂടെ കൊവിഡ് പകരാം. അതിനാൽ മൃതദേഹം മറവ് ചെയ്യാൻ കൃത്യമായ മാനദണ്ഡങ്ങൾ ആരോഗ്യവകുപ്പ് നിർദേശിക്കുന്നുണ്ട്.

കോഴിക്കോട്: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം മതാചാരപ്രകാരം കബറടക്കാൻ അനുവദിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു. മൃതദേഹം കുളിപ്പിക്കുക പോലും ചെയ്യാതെയാണ് ഇപ്പോൾ സംസ്കരിക്കുന്നത്. കൊവിഡ് വൈറസ് മൃതദേഹത്തിൽ നിന്ന് പകരില്ലെന്ന് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അനുകൂല നിലപാട് സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകണവെന്ന് എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂർ ആവശ്യപ്പെടുന്നു.

മൃതദേഹത്തിൽ നിന്ന് കൊവിഡ് പകരില്ലെന്ന് വിദഗ്ധർ പറയുന്നുണ്ടെങ്കിലും മൃതദേഹത്തിൽ നിന്ന് പുറത്തേക്ക് വരുന്ന സ്രവങ്ങളായ തുപ്പൽ, കഫം, മൃതദേഹത്തിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന രക്തം എന്നിവയിൽ നിന്ന് കൊവിഡ് പകരാൻ സാധ്യതയുണ്ട്. ഇതിനാൽത്തന്നെയാണ്, മൃതദേഹം മറവ് ചെയ്യുന്നതിന് ലോകാരോഗ്യസംഘടന നിഷ്കർഷിക്കുന്ന പ്രത്യേക മാർഗ്ഗരേഖ നിലനിൽക്കുന്നത്. അത് പ്രകാരമുള്ള മാനദണ്ഡങ്ങളാണ് കേന്ദ്ര, സംസ്ഥാനസർക്കാരുകളും മൃതദേഹം മറവ് ചെയ്യാൻ പിന്തുടരുന്നത്. മൃതദേഹം കൃത്യമായി പിപിഇ കിറ്റുകൾ ധരിച്ച് സുരക്ഷയോടെ ബന്ധുക്കൾക്ക് വന്ന് കാണാമെങ്കിലും തൊടുകയോ, കെട്ടിപ്പിടിക്കുകയോ ഉമ്മവയ്ക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല. മൃതദേഹം ദഹിപ്പിച്ചാൽ തീർച്ചയായും പിന്നെ ചാരത്തിൽ കൊവിഡ് വൈറസ് നിലനിൽക്കില്ലെന്നതും തെളിയിക്കപ്പെട്ടതാണെന്ന് വിദഗ്ധർ പറയുന്നു. ആയിരം ഡിഗ്രി സെൽഷ്യസ് വരെയുള്ള വളരെ ഉയർന്ന താപനിലയിൽ കൊവിഡ് വൈറസ് എന്നല്ല, മിക്ക വൈറസുകളും ജീവിക്കില്ല. അതിനാൽത്തന്നെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതോ, വ്യക്തമായി ചട്ടങ്ങൾ പാലിച്ചുകൊണ്ട്, സുരക്ഷാമാനദണ്ഡങ്ങൾ കരുതിക്കൊണ്ട് ആഴത്തിൽ മൃതദേഹങ്ങൾ കുഴിച്ചിടുന്നതോ എതിർക്കേണ്ടതില്ല. 

മൃതദേഹങ്ങൾ ദഹിപ്പിക്കുകയോ കുഴിച്ചിടുകയോ ചെയ്യേണ്ടത് എങ്ങനെയെന്നതും, മൃതദേഹത്തിൽ നിന്ന് എങ്ങനെയൊക്കെയാണ് കൊവിഡ് പകരാൻ സാധ്യത എന്നത് സംബന്ധിച്ചും ലോകാരോഗ്യസംഘടന പുറത്തിറക്കിയ മാർഗ്ഗനിർദേശം ഇവിടെ വായിക്കാം.

click me!