
തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന. 'ഓപ്പറേഷൻ അപ്പറ്റൈറ്റ്' എന്ന പേരിൽ രാവിലെ 11 മണി മുതലാ സംസ്ഥാന വ്യാപക മിന്നൽ പരിശോധന നടന്നത്. വകുപ്പിനെതിരെ വ്യാപക പരാതികൾ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു നടപടി.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും, മറ്റു ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കുന്നവർക്കും ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകുന്ന രജിസ്ട്രേഷനിലും, ലൈസൻസിലും ക്രമക്കേടുകൾ നടക്കുന്നു, ഹോട്ടലിലെ ജീവനക്കാർക്ക് നൽകിവരുന്ന പരിശീലനത്തിൽ ക്രമക്കേട്, വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കായി എടുക്കുന്ന ഭക്ഷ്യ സാമ്പിളുകളിൽ ഗുണ നിലവാരമില്ലായെന്ന പരിശോധന ഫലം വരുന്നവയിൽ ചില ഉദ്യോഗസ്ഥർ മനപ്പൂർവ്വം കാലതാമസം വരുത്തി ശിക്ഷണ നടപടികളിൽ നിന്നും ഒഴിവാക്കുന്നു, ഭക്ഷ്യ സുരക്ഷാ ലൈസൻസുകൾ എടുത്തിട്ടുള്ള ഭക്ഷ്യ ഉത്പാദകർ അതത് വർഷം മാർച്ച് 31 നകം റിട്ടേൺ ഫയൽ ചെയ്യാത്തവരില്‍ നിന്നും പിഴ ഈടാക്കാതിരിക്കുന്നു, സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഹോട്ടൽ ഹൈജീനിക് റേറ്റിംഗ് സംവിധാനം ചില സ്ഥലങ്ങളിൽ അട്ടിമറിക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിവിധ ഓഫീസുകളിൽ ലഭിക്കുന്ന പരാതികളിൽ ചിലർ നടപടികൾ സ്വീകരിക്കുന്നില്ല തുടങ്ങി വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് 'ഓപ്പറേഷൻ അപ്പറ്റൈറ്റ്' പരിശോധന നടത്തുന്നത്.
ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിലും, സംസ്ഥാനത്തെ 14 ജില്ലാ ഭക്ഷ്യ സുരക്ഷാഅസിസ്റ്റന്റ് കമ്മീഷണർമാരുടെ ഓഫീസുകളിലും, തിരഞ്ഞെടുത്ത 52ഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫീസുകളിലും ഉൾപ്പെടെ ആകെ 67 ഭക്ഷ്യ സുരക്ഷാ ഓഫീസുകളിലാണ് ഇന്ന് മിന്നൽ പരിശോധന നടത്തുന്നത്. വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാർ ഐ.പി.എസിന്റെ ഉത്തരവ് പ്രകാരം നടക്കുന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു വരുന്നു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി.കെ. വിനോദ് കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം