
കോഴിക്കോട്: പാലാ ബിഷപ്പിൻ്റെ നാർക്കോട്ടിക് പ്രസ്താവനയെ ചൊല്ലിയുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുന്നു. പാലാ ബിഷപ്പിനെതിരെ സമസ്ത ഇന്ന് രംഗത്തു വന്നു. വിട്ടുവീഴ്ചയുടെയും മനുഷ്യസ്നേഹത്തിന്റെയും പാഠങ്ങൾ ലോകത്തിനു പകർന്നുനൽകാൻ ബാധ്യതപ്പെട്ട മതനേതൃത്വങ്ങൾ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കാന്തപുരം അബൂബക്കറുടെ നേതൃത്വത്തിലുള്ള മുസ്ലീം ജമാഅത്ത് അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു.
നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിന് തുടക്കമിട്ട പാലാ ബിഷപിന്റെ പ്രസ്താവനയെ വിമര്‍ശിച്ചാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്ത് എത്തിയത്. മതാധ്യക്ഷന്മാര്‍ പാലിക്കുന്ന പൊതുധാരണക്ക് വിരുദ്ധമാണ് പാലാ ബിഷപ്പിന്റെ പ്രസ്ഥാനവനയെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. മലപ്പുറം തൃപ്പനച്ചി ഉറൂസ് സമാപന സംഗമ വേദിയിലെ പ്രസംഗത്തിലായിരുന്നു ജിഫ്രി തങ്ങളുടെ വിമർശനം.
രാജ്യത്തെ ജനങ്ങൾക്കിടയിൽ സൗഹൃദവും സ്നേഹവും ശക്തിപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകളാണ് മത, രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഉണ്ടാകേണ്ടതെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. ഭിന്നിപ്പുകളുടെയും അകറ്റിനിർത്തലുകളുടെയും ഭാഷ ജനങ്ങളിൽ ആഴമേറിയ മുറിവുകൾ ഉണ്ടാക്കും. തലമുറകളോളം അതിന്റെ നീറ്റൽ നിലനിൽക്കും. ഒരു സമുദായത്തെയും അകാരണമായി ആക്രമിക്കുന്നത് ശരിയല്ല. വിട്ടുവീഴ്ചയുടെയും മനുഷ്യസ്നേഹത്തിന്റെയും പാഠങ്ങൾ ലോകത്തിനു പകർന്നുനൽകാൻ ബാധ്യതപ്പെട്ട മതനേതൃത്വങ്ങൾ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കേണ്ടതുണ്ടെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന മുസ്ലീം ജമാഅത്ത് യോഗം നിരീക്ഷിക്കുന്നു.
വിവിധ മതവിഭാഗങ്ങൾ സൗഹൃദത്തോടെ പുലരേണ്ട കാലത്ത് ഒരു തെളിവുമില്ലാതെ അനാവശ്യമായ വിവാദങ്ങൾ വലിച്ചിട്ട് അന്തരീക്ഷം പ്രക്ഷുബ്ധമാക്കാൻ ആരും തുനിയരുത്. കേരളത്തിൽ മുസ്‌ലിം, ക്രൈസ്തവസമുദായങ്ങളിൽ നിലനിൽക്കുന്ന സൗഹൃദത്തെ കളങ്കപ്പെടുത്തുന്ന നീക്കങ്ങൾ ഉണ്ടായിക്കൂടാത്തതാണ്. പാലാ രൂപതയുടെ ബിഷപ്പ് നടത്തിയ ചില പരാമർശങ്ങൾ തികച്ചും അനുചിതമായിപ്പോയി. അതൊഴിവാക്കാമായിരുന്നു. നാക്കുപിഴകളെ പോലും വർഗീയധ്രുവീകരണത്തിനായി ദുരുപയോഗിക്കപ്പെടുന്ന കാലത്ത് കൂടുതൽ ഉത്തരവാദിത്വബോധമുള്ളവരാകാൻ മതസമൂഹങ്ങൾക്കും സമുദായനേതാക്കൾക്കും കഴിയേണ്ടതാണ്.
ബിഷപ്പിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള തർക്കങ്ങളും വിവാദവും ഇനിയും തുടർന്നുകൂടാ. അത് സമൂഹത്തിൽ ശേഷിക്കുന്ന നന്മകളെ കൂടി കെടുത്തിക്കളയും. ആ പ്രസ്താവനയുടെ പേരിൽ ക്രൈസ്തവ സമുദായത്തെയൊന്നാകെ അധിക്ഷേപിക്കുന്നത് അപലപനീയമാണെന്നും മുസ്‌ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam