Sandeep Murder : 'ആശയങ്ങളെ ജീവനെടുത്ത് കൊണ്ടല്ല നേരിടേണ്ടത്', രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവർണർ

By Web TeamFirst Published Dec 3, 2021, 4:04 PM IST
Highlights

ഇന്നലെ രാത്രി എട്ടു മണിയോടെ  തിരുവല്ലയിലെ ചാത്തങ്കരിയിൽ വെച്ചാണ് സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ ബൈക്കിലെത്തിയ മൂന്നുപേർ കുത്തിക്കൊന്നത്...

കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Mohammad Khan). വ്യത്യസ്ത ആശയങ്ങളെ ജീവനെടുത്ത് കൊണ്ടല്ല നേരിടേണ്ടത്. കുറ്റവാളികൾക്കെതിരെ പൊലീസ് (Police) ശക്തമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷ. ഒരു അക്രമവും വെച്ച് പൊറുപ്പിക്കരുതെന്നും അദ്ദേഹം കൊച്ചിയിൽ (Kochi) പറഞ്ഞു. തിരുവല്ലയിൽ സിപിഎം പ്രാദേശിക നേതാവ് സന്ദീപിനെ കുത്തിക്കൊന്ന (andeep Murder) സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ വാക്കുകൾ.

ഇന്നലെ രാത്രി എട്ടു മണിയോടെ  തിരുവല്ലയിലെ ചാത്തങ്കരിയിൽ വെച്ചാണ് സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ ബൈക്കിലെത്തിയ മൂന്നുപേർ കുത്തിക്കൊന്നത്. വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. സന്ദീപിന്‍റെ നെ‌ഞ്ചിൽ ഒമ്പത് കുത്തേറ്റ‌ു. ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആഴത്തിലുള്ള മുറിവേറ്റ സന്ദീപ് സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സന്ദീപിന്‍റെ നെഞ്ചിന്‍റെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട നാല് പ്രതികളെ പൊലീസ് പിടികൂടി. ജിഷ്ണു, നന്ദു, പ്രമോദ്,മുഹമ്മദ് എന്നവരാണ് പിടിയിലായത്. ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് ഇവരെ പിടികൂടിയത്. 

സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഹീനവും അപലപനീയവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ എത്തിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായും കൊലപാതകത്തിലേക്ക് നയിച്ച കാരണം അന്വേഷിച്ച് പുറത്ത് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഫേസ് ബുക്കിൽ കുറിച്ചു. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. 

സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ പൊലീസ് വാദങ്ങളെ തള്ളിയ സിപിഎം ജില്ലാ സെക്രട്ടറി സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നിൽ സംഘപരിവാറാണെന്നും ആവർത്തിച്ചു. ആർഎസ് എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.

എന്നാൽ സിപിഎമ്മിന്റെ ആരോപണങ്ങളെ ബിജെപി തളളി. കൊലക്കേസിൽ പൊലീസിന്റെ പിടിയിലായ പ്രതികളിൽ രണ്ട് പേർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. സംഘപരിവാറിന് കൊലപാതകവുമായി ബന്ധമില്ലെന്നും ബിജെപി ആവർത്തിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച്  സിപിഐഎം തിരുവല്ല നഗരസഭയിലും പെരിങ്ങര അടക്കം 5 പഞ്ചായത്തുകളിലും ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. 

click me!