
പാലക്കാട്: വെള്ളിനേഴി സ്വദേശി കാളിയമ്മയുടെ പണയം വെച്ച് നഷ്ടപ്പെടാനിരുന്ന സ്വർണമാല, പെൻഷൻ പണം നൽകി തിരിച്ചെടുത്ത് നൽകിയത് സഹവാസിയായ സരസ്വതിയമ്മയാണ്. പാലക്കാട് ചുണ്ണാമ്പുതറയിലെ ശാന്തിനികേതനം വൃദ്ധസദനത്തിലെ പൊന്നിൻ തിളക്കമുള്ള സൌഹൃദത്തിന്‍റെ കഥ ഹൃദയസ്പർശിയാണ്.
ചായക്കടയിൽ ജോലിയുള്ളപ്പോൾ കിട്ടുന്നതിൽ നിന്നും മിച്ചം വെച്ചാണ് കാളിയമ്മ സ്വ൪ണമാല വാങ്ങിയത്. അത്രയും മോഹിച്ച് വാങ്ങിയതായിരുന്നു. മരുന്ന് വാങ്ങാൻ പണമില്ലാതെ വന്നപ്പോൾ മോഹിച്ച് വാങ്ങിയ മാല പണയം വച്ചു. ആരും നോക്കാനില്ലാതായതോടെ രോഗാവസ്ഥയിൽ തന്നെ ശാന്തിസദനത്തിലെത്തി.
ഒരാഴ്ചമുമ്പ് കാളിയമ്മക്ക് ബാങ്കിൽ നിന്നൊരു കത്ത് വന്നു. പലിശ സഹിതം പണം അടച്ച് പണയം വെച്ച മാല എടുക്കാനുള്ള അവധി തീരുന്നു. ഇല്ലെങ്കിൽ അത് നഷ്ടമാകും. കാളിയമ്മയുടെ കയ്യിലാണെങ്കിൽ നയാ പൈസയില്ല. പ്രശ്നം ഒപ്പം താമസിക്കുന്ന സരസ്വതിയമ്മയോട് പങ്കുവെച്ചു. കൂട്ടുകാരിയുടെ ഉള്ളുരുക്കം കണ്ടപ്പോൾ സരസ്വതിയമ്മയ്ക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. കയ്യിലെ പെൻഷൻ പണം ഒരു മടിയുമില്ലാതെ എടുത്തു കൊടുത്തു.
മാല കിട്ടിയപ്പോൾ കാളിയമ്മ ഹാപ്പി, സരസ്വതിയമ്മയും. കൂട്ടുകാരിയുടെ കഴുത്തിലേക്ക് മാലയിട്ട് കൊടുത്ത് സരസ്വതിയമ്മ ചിരിച്ചു. കാളിയും ചിരിച്ചു. സ്വർണത്തേക്കാൾ തിളക്കമുള്ള ചിരി.