
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക നിയമനം നൽകിയ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട ശരത് ലാലിന്‍റെ അച്ഛൻ സത്യനാരായണൻ. സര്‍ക്കാര്‍ നടപടി നിന്ദ്യവും നീചവും ആണെന്നാണ് സത്യനാരായണന്‍റെ പ്രതികരണം.
കൊലയാളിയുടെ ഭാര്യയെന്നതാണോ ജോലി നൽകാനുള്ള മാനദണ്ഡവും യോഗ്യതയും ? ജോലി നൽകേണ്ടത് കൊല്ലപ്പെട്ടവരുടെ കുടുംബത്തിനല്ലേ എന്നും സത്യനാരായണൻ ചോദിക്കുന്നു. കൊന്നവരുടെ കുടുംബത്തെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയിൽ അതിശയം തോന്നുന്നില്ലെന്നും സത്യനാരായണൻ പറഞ്ഞു.
കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ ഭാര്യയടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയിൽ ആറ് മാസത്തേക്ക് നിയമിച്ചത്. മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് താത്ക്കാലിക നിയമനമെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രതിഷേധ പ്രകടനം അടക്കമുള്ള സമരമുറകളും യൂത്ത് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam