
പാലക്കാട്: സരിൻ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും കോൺഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആര് എതിരാളി ആയാലും പാലക്കാട് മതേതര മുന്നണി വിജയിക്കുമെന്നും രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പോരാട്ടം മതേതരത്വവും വർഗീയതയും തമ്മിലാണെന്നും രാഹുൽ പറഞ്ഞു. ആര് പോരിനിറങ്ങിയാലും പാലക്കാട്ടെ മണ്ണ് കോൺഗ്രസിനൊപ്പമായിരിക്കും.
പാലക്കാട് ഉപതെരെഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിക്കിടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട് എത്തും. വൈകിട്ട് 4 ന് പാലക്കാട് എത്തുന്ന രാഹുലിന് വൻ സ്വീകരണം ആണ് ഒരുക്കിയിട്ടുള്ളത്. മണ്ഡലത്തിൽ പ്രചരണം ഇന്ന് തന്നെ ആരംഭിക്കാനാണ് തീരുമാനം. ഡോ പി സരിൻ ഇടത് സ്വതന്ത്രൻ ആകാനുള്ള നീക്കം ആരംഭിച്ചതിനാൽ പരമാവധി പ്രവർത്തകരെ പ്രചാരണത്തിന് ഇറക്കി സ്ഥാനാർഥിയുടെ വരവ് വലിയ സംഭവം ആക്കാനാണ് തീരുമാനം.
ഷാഫി പറമ്പിൽ ജില്ലയിൽ കേന്ദ്രീകരിച്ചാണ് പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത്. ഇതിനിടെ കോൺഗ്രസുമായി ഇടഞ്ഞ ഡോ പി സരിൻ ഇന്ന് പാലക്കാട് വാർത്ത സമ്മേളനം നടത്തും. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട നിലപാട് ഇന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. പി സരിനെ ഒപ്പം നിർത്താൻ സിപിഎം ജില്ലാ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിന് പാർട്ടി സംസ്ഥാന നേതൃത്വവും പിന്തുണ നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam