
കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായരെ റിമാൻഡ് ചെയ്തു. ഈ മാസം 27 വരെയാണ് സരിതയെ റിമാൻഡ് ചെയ്തിരിക്കുന്നത്. 27ന് കേസ് വീണ്ടും പരിഗണിക്കും.
ഇന്ന് രാവിലെയാണ് കോഴിക്കോട് കസബ പൊലീസ് തിരുവനന്തപുരത്ത് നിന്ന് സരിത എസ് നായരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി നിരന്തരം വാറണ്ട് അയച്ചിട്ടും സരിത ഹാജരായിരുന്നില്ല.
കോഴിക്കോടുള്ള സ്വകാര്യ വ്യവസായി അബ്ദുൾ മജീദിൽ നിന്ന് 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തെന്നാണ് കേസ്. സോളാർ തട്ടിപ്പ് പരമ്പരയിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്. മാർച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തിൽ കേസ് മാറ്റിവെക്കുകയായിരുന്നു. അബ്ദുൾ മജീദിന് കുറച്ച് പണം തിരികെ നൽകിയിരുന്നു. ബിജു രമേശ് ഉപയോഗിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന് നൽകാമെന്നതടക്കം ധാരണയ്ക്ക് ശ്രമം നടന്നിരുന്നു.
കേസിൽ പൊലീസ് സരിതയെ രക്ഷിക്കാൻ ശ്രമം നടന്നെന്ന ആരോപണം ശക്തമായിരുന്നു. പല കേസുകളിലും സരിതയ്ക്ക് എതിരെ വാറണ്ട് നിലവിലുണ്ടെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. പൊലീസിൽ നിന്ന് സഹായം പ്രതീക്ഷിച്ചത് കൊണ്ടാവണം ഇന്ന് അറസ്റ്റിലായ കേസിൽ സരിത എസ് നായർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാതിരുന്നത്.
Other News: 'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam