
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രി മൂന്ന് മണിക്കൂർ ഇരുട്ടിലാകാൻ കാരണം വിവിധ വകുപ്പുകളുടെ ഗുരുതരമായ അനാസ്ഥ. ആശുപത്രിയിലെ പിഡബ്ള്യുഡി ഇലക്ട്രിക്കൽ വിഭാഗത്തയാണ് കെഎസ്ഇബി പഴിക്കുന്നത്. കുറ്റം കെഎസ്ഇബിക്ക് നേരെയും വിമർശനമുണ്ട്. സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ പുറത്തുനിന്നും ജനറേറ്റർ എത്തിച്ചാണ് ഒടുവിൽ വൈദ്യുതി പുനസ്ഥാപിച്ചത്.
സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയിലാണ് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയ ഗുരുതര അനാസ്ഥ. മൂന്ന് മണിക്കൂറാണ് കുഞ്ഞുങ്ങളും അമ്മമാരും കനത്ത ഇരുട്ടിൽ കഴിഞ്ഞത്. എസ്എടി ലൈനിലും ട്രാൻസ്ഫോർമറിലും കെഎസ്ഇബിയുടെ പതിവ് അറ്റകുറ്റപ്പണി വൈകീട്ട് മൂന്നരക്കാണ് തുടങ്ങിയത്. അഞ്ചരവരെ പണിയുണ്ടാകുമെന്ന് ആശുപത്രി അധികൃതരെ രേഖാമൂലം അറിയിച്ചുവെന്നാണ് കെഎസ്ഇബി വിശദീകരണം. പക്ഷെ അഞ്ചരക്ക് പണി തീർന്ന് ലൈൻ ഓൺ ചെയ്തിട്ടും ആശുപത്രിയിൽ കറൻ്റ് വന്നില്ല. ആശുപത്രിയിലെ വാക്വം സർക്യൂട്ട് ബ്രേക്കർ (വിസിബി) തകരാറിലായതാണ് കാരണം. വീണ്ടും അഞ്ചര മുതൽ ഏഴരവരെ ജനറേറ്റർ ഓടിച്ചു.
ഏഴരക്ക് ആശുപത്രിയിലെ രണ്ട് ജനറേറ്ററുകളും കേടായി. ഇതോടെ മൊത്തം ഇരുട്ടായി. ഡോക്ടർമാർ രോഗികളെ നോക്കിയത് ടോർച് വെളിച്ചത്തിലായിരുന്നു. വലിയ പ്രതിഷേധമാണ് പിന്നീട് കണ്ടത്. പ്രതിഷേധം അണപൊട്ടിയതോടെ പത്തരയോടെ പുറത്തുനിന്ന് ജനറേറ്റർ എത്തിച്ചാണ് വെളിച്ചം വന്നത്. അത്യാഹിത വിഭാഗം അടക്കമുള്ള പ്രധാനപ്പെട്ട ആശുപത്രിയിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ തയ്യാറാക്കുന്നതിലാണ് വിവിധ വിഭാഗങ്ങൾക്ക് വീഴ്ചയുണ്ടായത്. കറൻ്ര് പോയാലും അത് ശരിയാക്കാൻ ഏറെ സമയമെടുത്തതും സ്ഥിതി വഷളാക്കി. എസ്എടി പോലുള്ള ആശുപത്രിയിൽ മൂന്ന് മണിക്കൂർ കറൻറ് പോയത് കുഞ്ഞുങ്ങളുടെ ജീവൻ വെച്ചുള്ള പന്താടൽ തന്നെ. ആരോഗ്യ കേരളം നമ്പർ വൺ എന്നൊക്കെ ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴാണ് ഈ ഗുരുതര അനാസ്ഥ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam