
തിരുവനന്തപുരം: കൺസൽട്ടൻസി ഏജൻസികളുടെ നിയമനത്തിലും ഇടത് സർക്കാറിന്റെ വഴിയെ യുഡിഎഫ് സർക്കാർ. പ്രതിപക്ഷം വിമർശിച്ചിട്ടും ബജറ്റിലെ മുൻഗണനാ പദ്ധതികളുടെ നടത്തിപ്പ് ചുമതല ബഹുരാഷ്ട്ര കമ്പനിക്ക് കൈമാറിയതിൽ സർക്കാർ വിശദീകരണം നൽകിയിട്ടില്ല. ലണ്ടൻ ആസ്ഥാനമായ ഗ്രാൻറ് തോൺടൺ കമ്പനിക്ക് അരക്കോടി നൽകിയായിരുന്നു റീ ഇമാജാനിംഗ് കേരളയുടെ ഏകോപനം കൈമാറിയത്.
കെപിഎംജി, പിഡബ്ളുസി, ബിട്രേയിറ്റ് ഇടത് കാലത്തെ വിവിധ പദ്ധതികളുടെ നടത്തിപ്പിൽ പല തരം കൺസൽട്ടൻൻറ് കമ്പനികളായിരുന്നു. അന്ന് കൺസൾട്ടൻസി ഭരണമെന്നായിരുന്നു കോൺഗ്രസ് വിമർശനം. പക്ഷേ അധികാരത്തിലെത്തിയപ്പോൾ പലതിലുമെന്ന പോലെ കൺസൽട്ടൻറ് കമ്പനികളോടുള്ള എതിർപ്പും മാറ്റി.
സംസ്ഥാന സർക്കാരിന്റെ മുൻഗണനാ പദ്ധതികളുടെ നിർവഹണം എങ്ങനെ വേണമെന്നു നിശ്ചയിക്കാനുള്ള സമ്മേളനത്തിൽ അരക്കോടിയോളം രൂപ നൽകി കമ്പനിയെ നോളജ് പാർട്ണറാക്കി.ആദ്യ ബജറ്റിലെ 35 മുൻഗണനാ പദ്ധതികൾ എങ്ങനെ നടപ്പാക്കണമെന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച മൂന്നു ദിവസത്തെ വട്ടമേശ സമ്മേളനത്തിന്റെ നടത്തിപ്പു ചുമതല നൽകിയതു ലണ്ടൻ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിക്കായിരുന്നു. ജിഎസ്ടി അടക്കം അരക്കോടിയോളം രൂപ പ്രതിഫലത്തിനാണ്, ബഹുരാഷ്ട്ര പ്രഫഷനൽ സർവീസസ് ശൃംഖലയായ ഗ്രാന്റ് തോൺടൺ ഈ സമ്മേളനത്തിന്റെ 'നോളജ് പാർട്ണർ' ആയി പ്രവർത്തിച്ചത്. തലസ്ഥാനത്തെ ഹോട്ടലിൽ 'റീ ഇമാജിനിങ് കേരളം' എന്ന പേരിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വിവിധ വകുപ്പുകൾ അവതരിപ്പിച്ച റിപ്പോർട്ടുകളും അതിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചകളും സമാഹരിച്ചത് ഈ കമ്പനിയായിരുന്നു. സമ്മേളനത്തിന്റെ രഹസ്യാത്മകത കണക്കിലെടുത്ത് ഉദ്ഘാടന, സമാപന സെഷനുകളിൽനിന്നൊഴികെ മാധ്യമങ്ങളെ മാറ്റി നിർത്തിയപ്പോൾ, കമ്പനിയുടെ നാൽപതോളം ജീവനക്കാർ മൂന്നുദിവസവും സമ്മേളനത്തിലുണ്ടായിരുന്നു.
സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണു നോളജ് പാർട്ണർ എന്ന പേരിൽ ഏകോപനത്തിനു സ്വകാര്യ ഏജൻസിയെ കണ്ടെത്താൻ കെഎസ്ഐഡിസി താൽപര്യപത്രം ക്ഷണിച്ചത്. ഗ്രാൻഡ് തോൺടണും ഏണസ്റ്റ് ആൻഡ് യങ്ങും നൽകിയ താൽപര്യപത്രം പരിശോധിച്ചാണു ഗ്രാൻഡ് തോൺടണെ ചുമതല ഏൽപിച്ചത്. വിവരം പുറത്തുവന്നതോടെ ബജറ്റ് വിവരങ്ങളടക്കം ബഹുരാഷ്ട്രാ കമ്പനിക്ക് കൈമാറിയെന്ന വിമർശനം പ്രതിപക്ഷനേതാവ് അടക്കം ഉയർത്തി. പക്ഷെ ഇതുവരെ സർക്കാർ വിശദീകരണം നൽകിയിട്ടില്ല. മാത്രമല്ല റീ ഇമാജിനിംഗ് കേരളയിലെ ചർച്ചകളുടെ അഠിസ്ഥാനത്തിലുള്ള തുടർ നടത്തിപ്പിലടക്കം കമ്പനിക്ക് ചുമതലയുണ്ടെന്നാണ് വിവരം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam