Latest Videos

വിഎസിനെ വിറപ്പിച്ച പോരാളി, കണ്ണൂരും പാലക്കാട്ടും തോൽവിയിലും തിളങ്ങിയ പാച്ചേനി; 'ഒരാഗ്രഹം' മരണത്തിലും ബാക്കി!

By Anver SajadFirst Published Oct 27, 2022, 4:26 PM IST
Highlights

28 ാം വയസിൽ ആദ്യ പോരാട്ടത്തിനിറങ്ങിയ സതീശൻ പലവട്ടം മത്സരിച്ചെങ്കിലും വിജയം മാത്രം അകന്നു നിന്നു, 

കണ്ണൂര്‍: സതീശൻ പാച്ചേനിയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ വേദനയിലാണ് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരുമെല്ലാം. കോൺഗ്രസിലെ ജനകീയനായ നേതാവാണ്  54ാം വയസിൽ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. എന്നും ജനകീയനായിരുന്നെങ്കിലും ഒരിക്കലും വലിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ജയിക്കാനായില്ലെന്നതാണ് പാച്ചേനിയുടെ വിയോഗത്തിൽ ഏവരെയും സങ്കടപ്പെടുത്തിയേക്കാവുന്ന മറ്റൊരു കാര്യം. നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും പലപ്പോഴും കയ്യകലത്ത് വിജയം തെന്നിപ്പോയ ദുര്യോഗം നേരിട്ട നേതാവാണ് പാച്ചേനി. 28 ാം വയസിൽ ആദ്യ പോരാട്ടത്തിനിറങ്ങിയ സതീശൻ പലവട്ടം മത്സരിച്ചെങ്കിലും വിജയം മാത്രം അകന്നു നിന്നു. വി എസ് അച്യുതാനന്ദനെ പോലും വിറപ്പിച്ച പോരാട്ടം കാഴ്ചവെച്ചിട്ടുണ്ട് കോൺഗ്രസിലെ ഈ പോരാളി.

1996 ൽ തളിപ്പറമ്പിൽ ആദ്യ നിയമസഭ പോരാട്ടത്തിനിറങ്ങുമ്പോൾ സതീശൻ പാച്ചേനിക്ക് പ്രായം വെറും 28 ആയിരുന്നു. സി പി എമ്മിന്‍റെ ഉറച്ച കോട്ടയിൽ മെച്ചപ്പെട്ട പ്രകടനമാണ് പാച്ചേനി കാഴ്ചവച്ചത്. ഇന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററായിരുന്നു അന്ന് പാച്ചേനിയെ തോൽപ്പിച്ചത്. സി പി എം കോട്ടയിലെ കന്നി അങ്കത്തിലെ മെച്ചപ്പെട്ട പോരാട്ടം പാച്ചേനിയെ ശ്രദ്ധേയനാക്കി.2001 ൽ വി എസ് അച്യുതാനന്ദൻ വിജയം കൊതിച്ച് മലമ്പുഴയിലെത്തിയപ്പോൾ, വി എസിനെ നേരിടാൻ കോൺഗ്രസ് നിയോഗിച്ചത് സതീശൻ പാച്ചേനിയെ ആയിരുന്നു. പാർട്ടിയുടെ പ്രതീക്ഷകൾക്കും മുകളിൽ പറന്ന പോരാട്ടമായിരുന്നു പിന്നീട് കണ്ടത്. 25000 ത്തിലേറെ വോട്ടുകൾക്ക് ഇടത് സ്ഥാനാർത്ഥികൾ പുഷ്പം പോലെ ജയിച്ചു കയറുന്ന മലമ്പുഴയിൽ ഒരു ഘട്ടത്തിൽ വി എസ് അക്ഷരാർത്ഥത്തിൽ വിറച്ചു എന്ന് പറയാം. ഒടുവിൽ 4703 വോട്ടുകളുടെ അകലത്തിൽ പാച്ചേനിയുടെ പോരാട്ടം അവസാനിച്ചു. 2006 ലും വി എസിനോട് കൊമ്പുകോർത്തെങ്കിലും കനത്ത നിരാശയായിരുന്നു ഫലം.

2009 ൽ പാലക്കാട് ലോക്സഭ മണ്ഡലത്തിലായിരുന്നു സതീശൻ പാച്ചേനി പോരാട്ടത്തിനിറങ്ങിയത്. എം ബി രാജേഷിനെ അവസാന നിമിഷം വരെ വിറപ്പിച്ചെങ്കിലും 1820 വോട്ടുകളുടെ അകലത്തിൽ വിജയം ഇക്കുറിയും കൈവിട്ടു. പിന്നീട് സ്വന്തം ജില്ലയിലേക്കായിരുന്നു സതീശൻ മടങ്ങിയത്. 2016 കണ്ണൂർ കോൺഗ്രസിന്‍റെ അധ്യക്ഷ സ്ഥാനത്തേക്കെത്തിയ അദ്ദേഹം നിയമസഭാ പോരാട്ടത്തിനും ഇറങ്ങി. 2016 കോൺഗ്രസ് സിറ്റിംഗ് മണ്ഡലമായ കണ്ണൂരിൽ പോരിനിറങ്ങുമ്പോൾ നിയമസഭാ പ്രവേശം ഉറപ്പിച്ചതാണ്. പക്ഷേ 1196 വോട്ടിന് കടന്നപ്പള്ളിയോട് തോൽക്കാനായിരുന്നു വിധി. തോൽക്കുന്ന പാച്ചേനിക്ക് കണ്ണൂരിലിനി സീറ്റ് നൽകരുതെന്ന് പാർട്ടിക്കുള്ളിലെ എതിരാളികൾ വാശിപിടിച്ചെങ്കിലും 2021 ലും ടിക്കറ്റ് കിട്ടി. പക്ഷേ ഇക്കുറിയും വിജയം അകന്നു നിന്നു. പാർട്ടിക്കുള്ളിലുള്ളവർ കാലുവാരി തോൽപിച്ചതാണെന്ന പരിഭവം പാച്ചേനിയോടടുത്തവർ എന്നും ഉന്നയിച്ചിരുന്നു. അഞ്ചുതവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും ഒരിക്കലും സഭ കാണാനായില്ലെന്നതാണ് യാഥാർത്ഥ്യം. നിയമസഭയിൽ ഒരു തവണയെങ്കിലും ഇരിക്കണമെന്ന ആഗ്രഹം ബാക്കിവച്ചാകും പാച്ചേനി ജനഹൃദയങ്ങളിൽ നിന്ന് മടങ്ങുന്നത്.

'ഊർജ്ജസ്വലനായ പൊതുപ്രവർത്തകനെയാണ് നഷ്ടപ്പെട്ടത്'; സതീശൻ പാച്ചേനിയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

 

click me!