ആദായ നികുതി വകുപ്പിൻ്റെ റെയ്ഡ്: സഭാ മാനജേർക്കെതിരെ സേവ് ബില്ലീവേഴ്സ് ഫോറം

By Web TeamFirst Published Nov 7, 2020, 1:20 PM IST
Highlights

വിശ്വാസ സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന നിലപാടാണ് നടത്തിപ്പുകാരിൽ നിന്നും ഉണ്ടായതെന്നും, സഭാ മാനേജർ ഫാ. സിജോ പന്തപ്പള്ളിയിലാണ് ക്രമക്കേടുകൾക്ക് കാരണമെന്നും സേവ് ഫോറം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

പത്തനംതിട്ട: ബില്ലീവേഴ്സ് ചർച്ചിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയ സംഭവത്തിൽ സഭാ മാനേജറായ വൈദികനെതിരെ സേവ് ബില്ലീവേഴ്സ് ഫോറം കൂട്ടായ്മ രംഗത്ത്.  

വിശ്വാസ സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന നിലപാടാണ് നടത്തിപ്പുകാരിൽ നിന്നും ഉണ്ടായതെന്നും, സഭാ മാനേജർ ഫാ. സിജോ പന്തപ്പള്ളിയിലാണ് ക്രമക്കേടുകൾക്ക് കാരണമെന്നും സേവ് ഫോറം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിജോ പന്തപ്പള്ളിയുടെ രാഷ്ട്രീയ ബന്ധങ്ങളും വിദേശയാത്രകളും അന്വേഷിക്കണമെന്നും സിജോ പന്തപ്പള്ളിയെ എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്യണമെന്നും സേവ് ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു. 

സഭയുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലുമായി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത പണം സഭയുടേതല്ലെന്നും ഒരു വൈദികൻ്റെ ക്രമക്കേട് മൂലം ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത പണം സഭയുടേത് അല്ല ബിഷപ്പുമാരും മെത്രാപ്പൊലീത്തയും വിശ്വാസികളും മാനസിക ബുദ്ധിമുട്ട് നേരിടുകയാണെന്നും സേവ് ബില്ലീവേഴ്സ് ഫോറം ഭാരവാഹികൾ വ്യക്തമാക്കി. 

അതേസമയം  ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിനെതിരെ കർശന നടപടി സ്വീകരിക്കാനാണ് ആദായനികുതി വകുപ്പിൻ്റെ തീരുമാനം. സഭയുടെ  എഫ്സിഐർഐ ലൈസൻസ് (വിദേശ സംഭാവനകൾ സ്വീകരിക്കുന്നതനിലുള്ള അനുമതി) റദ്ദാക്കിയേക്കുമെന്നാണ് സൂചന. FCRI - യുടെ മറവിൽ കാരുണ്യ പ്രവർത്തനങ്ങൾക്കെത്തിയിരുന്ന പണം വിവിധ ആവശ്യങ്ങൾക്കായി വക മാറ്റിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. 
 
വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ബിലിവേഴ്സ് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിലൂടെ പുറത്ത് വരുന്നത്. ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിലാണ് ബിലിവേഴ്സ് ആഗോളതലത്തിൽ സഹായം സ്വീകരിച്ചത്. ലാസ്റ്റ് അവർ മിനിസ്ട്രി,  ലവ് ഇന്ത്യ മിനിസ്ട്രിറ്റി, അയന ചാരിറ്റബിൾ ട്രസ്റ്റ്, എന്നീ പേരികളിലാണ് സഭയുടെ ട്രസ്റ്റുകൾ പ്രവർത്തിക്കുന്നത്. എന്നാൽ 30 ഓളം പേപ്പർ ട്രസ്റ്റുകളുടെ രേഖകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ട്രസ്റ്റുകളുടെ പേരിലും സ്ഥാപനം പണമിടപാട് നടത്തിയിട്ടുണ്ട്. 

ഇതിന് പുറമെ വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടവും ലംഘിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക്ക് രേഖകളും ഫയലുകളും വിശദമായി പരിശോധിച്ച ശേഷമാകും എഫ്സിആർഐ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുക. അതേസമയം വിദേശ ബന്ധമുള്ള സാന്പത്തിക ക്രമക്കേട് സിബിഐയോ എൻഫോഴ്സ് ഡയറക്ടറേറ്റോ കേസ് ഏറ്റെടുത്ത് അന്വേഷിക്കാനുള്ള സാധ്യതയും തെളിയുകയാണ്. 

ആദായ നികുതി വകുപ്പ് കണ്ടെത്തിയ രേഖകളും തെളിവുകളും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയേക്കും. ബിലിവേഴ്സ് സഭ തലവൻ ബിഷപ്പ് കെപി യോഹന്നാൻ നിലവിൽ അമേരിക്കയിലാണ്. സ്ഥാപനത്തിന്റെ മറ്റ് നടത്തിപ്പുകരുടെ സാന്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഐടി അന്വേഷിക്കുന്നുണ്ട്. രണ്ട് ദിവസം മുന്പ് തുടങ്ങിയ പരിശോധന ഇപ്പോഴും വിവിധ ഇടങ്ങളിൽ തുടരുകയാണ്. ഇതുവരെ 14.5 കോടി രൂപയാണ് പണമായി പിടിച്ചെടുത്തത്.

click me!