കണ്ണൂർ: 1992-ൽ നടന്ന സേവറി നാണുവെന്ന സിപിഎം പ്രവർത്തകന്‍റെ കൊലപാതകം കോൺഗ്രസുകാർക്ക് പറ്റിയ ഒരു കൈപ്പിഴയാണെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ പ്രസ്താവന വൻവിവാദമാകുന്നു. കെ സുധാകരന്‍റെ പ്രസ്താവന കുറ്റസമ്മതമാണെന്ന് സേവറി നാണുവിന്‍റെ ഭാര്യ ഭാർഗവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാണുവിന്‍റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കെ സുധാകരനെതിരെ കേസെടുക്കണമെന്നും ഭാർഗവി ആവശ്യപ്പെടുന്നു.
സേവറി നാണു കൊലപാതകത്തിൽ കെ സുധാകരൻ നടത്തിയത് കുറ്റസമ്മതമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും ആരോപിച്ചു. കെ സുധാകരൻ്റെ നിർദേശപ്രകാരമാണ് കൊലയാളികൾ ബോംബെറിഞ്ഞത്. ഡിസിസി ഓഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബുവിൻ്റെ വെളിപ്പെടുത്തൽ പരിശോധിക്കണമെന്നും എം വി ജയരാജൻ ആവശ്യപ്പെടുന്നു. നാൽപ്പാടി വാസു കൊലക്കേസിൽ കെ സുധാകരനും പ്രതിയാണ്. കോൺഗ്രസിന്‍റെ സ്വാധീനമുപയോഗിച്ചാണ് അന്ന് കെ സുധാകരൻ രക്ഷപ്പെട്ടത്. തെളിവുണ്ടെങ്കിൽ രാഷ്ട്രീയം നിർത്താമെന്നാണ് കെ സുധാകരൻ പറഞ്ഞത്. കുറ്റസമ്മതവും തെളിവ് തന്നെയാണ് - എന്ന് എം വി ജയരാജൻ.
1992 ജൂൺ 13-നാണ് കണ്ണൂർ ബസ് സ്റ്റാൻഡിന് തൊട്ടടുത്തുള്ള സേവറി ഹോട്ടലിലെ ജീവനക്കാരനായിരുന്ന നാണുവിനെ ഒരു സംഘം അക്രമികൾ ബോംബെറിഞ്ഞ് കൊന്നത്. ''താൻ ജില്ലാ അധ്യക്ഷനായ ശേഷം സേവറി നാണുവല്ലാതെ കണ്ണൂരിൽ മറ്റൊരു സിപിഎം പ്രവർത്തകനും കൊല്ലപ്പെട്ടിട്ടില്ല. അങ്ങനെയൊരാളുടെ പേര് പിണറായി പറഞ്ഞാൽ രാജി വയ്ക്കാം'', എന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്.
നാണുവിന്‍റെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസാണെന്ന് പണ്ടും സിപിഎം ആരോപിച്ചിരുന്നതാണ്. തോക്കും ഉണ്ടയും എടുത്ത് നടക്കുന്ന മുഖ്യമന്ത്രി ഒരു വിരൽ ചൂണ്ടുമ്പോൾ നാലു വിരൽ തന്‍റെ നേരെത്തന്നെയാണ് ചൂണ്ടുന്നത് എന്നോർക്കണമെന്നാണ് ഇന്നലെ കെ സുധാകരൻ പറഞ്ഞത്.
കണ്ണൂർ നഗരത്തിൽ നടക്കുന്ന ആദ്യബോംബേറ് സംഭവങ്ങളിലൊന്നായിരുന്നു സേവറി നാണുവിന്‍റെ കൊലപാതകത്തിൽ കലാശിച്ചത്. കെ സുധാകരന്‍റെ അനുയായികളാണ് ബോംബേറിന് പിന്നിലെന്ന ആരോപണം സജീവമായി അക്കാലത്ത് തന്നെ ഉയർന്നിരുന്നതാണ്. പല സിപിഎം വേദികളിലും പ്രസംഗങ്ങളിൽ ഇന്നും സേവറി നാണുവിന്‍റെ മരണം പരാമർശിക്കപ്പെടാറുണ്ട്. ഊണ് വിളമ്പിക്കൊണ്ടിരിക്കെയാണ് ബോംബേറ് കൊണ്ട് ഊണിലകളിൽ രക്തവും മാംസവും ചിതറി നാണു മരിച്ചു വീണത് എന്നാണ് പാർട്ടി വെബ്സൈറ്റിൽ രക്തസാക്ഷിയെക്കുറിച്ചെഴുതിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam