
മലപ്പുറം: ശ്രീലങ്കയിൽ നടന്ന നിഷ്ടൂരമായ സ്ഫോടനങ്ങളെ അപലപിച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ആക്രമണം മാപ്പർഹിക്കുന്നതല്ലെന്നും മതത്തെ വികലമാക്കി ചിത്രീകരിച്ചു കൊണ്ടുള്ള ചാവേർ ആക്രമണമായത് കൊണ്ട് തന്നെ മുസ്ലിം സമൂഹം പ്രത്യേകിച്ചും ഈ അക്രമത്തെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഈസ്റ്റർ ദിനത്തിൽ നടന്ന അതിനിഷ്ടൂരമായ സ്ഫോടനങ്ങള്‍ നിരപരാധികൾക്ക് നേരെ നടത്തിയ അക്രമവും ലോക മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. ഇസ്ലാം നിരപരാധികളുടെ ജീവനും സ്വത്തിനും അങ്ങേയറ്റം വില കൽപ്പിക്കുന്ന മതമാണ്. ആക്രമണം നടത്തിയവർ ആര് തന്നെയായാലും ഈ കൊടും പാപം മാനവരാശിയുടെ നേർക്കുള്ള കൊടും ഹത്യയായി കണക്കാക്കപ്പെടുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
എല്ലാ മനുഷ്യരുടെയും വേദനയും സ്വപ്നവും ജീവിതവും ഒരു പോലെയാണ്. എല്ലാ ജീവനും ഒരുപോലെ വിലമതിക്കപ്പെടേണ്ടതുമാണ്. മതം വ്യക്തമായ ഭാഷയിൽ വിലക്കിയ ആക്രമണമാണ് എല്ലായിപ്പോഴും ഭീകരതയുടെ പേരിൽ അരങ്ങേറുന്നത്. അത്തരം വികല ചിന്തകൾക്ക് ദീനിൽ ഒരു അടിത്തറയുമില്ലെന്ന് വീണ്ടും വീണ്ടും ഉറക്കെയുറക്കെ വിളിച്ചു പറയുക തന്നെ ചെയ്യണമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന അതി നിഷ്ടൂരമായ സ്ഫോടനങ്ങളും നിരപരാധികൾക്ക് നേരെ നടത്തിയ അക്രമവും ലോക മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. അക്രമം നടത്തിയവർ ആര് തന്നെയായാലും ഈ കൊടും പാപം മാനവരാശിയുടെ നേർക്കുള്ള കൊടും ഹത്യയായി കണക്കാക്കപ്പെടും.
നിരപരാധികളുടെ ജീവനും സ്വത്തിനും അങ്ങേയറ്റം വില കൽപ്പിക്കുന്ന മതമാണ് ഇസ്ലാം. "ഒരു നിരപരാധിയുടെ ജീവൻ ഹനിച്ചവൻ മുഴുവൻ മനുഷ്യരെയും കൊല ചെയ്തവനെ പോലെയാണ്" എന്ന സന്ദേശമാണ് വിശുദ്ധ ഖുർആൻ അദ്ധ്യായം 5 ൽ 32 ആം വചനത്തിൽ നൽകുന്നത്.
മറ്റൊരു വചനം കാണുക:
അല്ലാഹു ആദരിച്ച മനുഷ്യജീവനെ അന്യായമായി നിങ്ങള്‍ ഹനിക്കരുത്.(അദ്ധ്യായം 17 ,വചനം 33)
പ്രവാചകന്‍ (സ) പറഞ്ഞു:
"മുസ്ലിംകളുമായി സൗഹൃദം പുലര്‍ത്തുന്ന ഒരാളെ ആരെങ്കിലും വധിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തിന്‍റെ പരിമളം പോലും അനുഭവിക്കുകയില്ല". (സഹീഹ് മുസ്‌ലിം)
വിവിധ വിശ്വാസി സമൂഹങ്ങൾ പരസ്പര സഹവർത്തിത്വം പുലർത്തുന്ന കാലമാണിത്. എല്ലാ മനുഷ്യരുടെയും വേദനയും സ്വപ്നവും ജീവിതവും ഒരു പോലെയാണ്. എല്ലാ ജീവനും ഒരുപോലെ വിലമതിക്കപ്പെടേണ്ടതാണ്. മതം വ്യക്തമായ ഭാഷയിൽ വിലക്കിയ അക്രമമാണ് എല്ലായ്പ്പോഴും ഭീകരതയുടെ പേരിൽ അരങ്ങേറുന്നത്. അത്തരം വികല ചിന്തകൾക്ക് ദീനിൽ ഒരു അടിത്തറയുമില്ലെന്ന് വീണ്ടും വീണ്ടും ഉറക്കെയുറക്കെ വിളിച്ചു പറയുക തന്നെ ചെയ്യണം.
അത്ര കൊടും പാപം ചെയ്തവർ അതിനുള്ള ന്യായീകരിക്കാൻ മത പ്രമാണങ്ങളെ വികലമാക്കി ഉപയോഗിക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ന്യൂസിലാൻഡിൽ കഴിഞ്ഞ മാസം നടന്ന അതി നീചമായ അക്രമത്തെ ആ രാജ്യവും ലോക മനസ്സാക്ഷിയും എങ്ങനെ തള്ളിപ്പറഞ്ഞുവോ, അതേ രൂപത്തിൽ ഈ അക്രമത്തെയും നാം തള്ളിപ്പറയുന്നു. ഇരകളായ നിരപരാധികളായ മനുഷ്യരെ നെഞ്ചോട് ചേർത്ത് പിടിക്കുന്നു. നിങ്ങൾ ഒറ്റക്കല്ല, ഭീകരതയുടെ ഇരകൾ മുഴുവൻ മാനവരാശിയുമാണ് എന്ന സത്യത്തിന് നാം അടിവരയിടേണ്ട സന്ദർഭമാണിത്.
തീർച്ചയാണ്. ഈ അക്രമം മാപ്പർഹിക്കുന്നതല്ല. മതത്തെ വികലമാക്കി ചിത്രീകരിച്ചു കൊണ്ടുള്ള ചാവേർ അക്രമമായത് കൊണ്ട് തന്നെ മുസ്ലിം സമൂഹം പ്രത്യേകിച്ചും ഈ അക്രമത്തെ തള്ളിക്കളയുന്നു. മാനവികത പൂത്തുലഞ്ഞു നിൽക്കേണ്ട സന്ദർഭമാണിത്. ഇരകൾ ഒറ്റക്കല്ല. വേട്ടക്കാർ മാത്രമാണ് ഒറ്റപ്പെടേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam