എസ്‌സി - എസ്‌ടി ഫണ്ട് തട്ടിപ്പ്: മന്ത്രി കെ രാധാകൃഷ്ണന് ഭീഷണി; പരാതി നൽകുമെന്ന് ഓഫീസ്

By Web TeamFirst Published Jul 13, 2021, 12:31 PM IST
Highlights

തട്ടിപ്പിന് താൻ കൂട്ടുനിൽക്കില്ലെന്ന് മനസിലായപ്പോൾ അവർക്ക് നല്ല വിഷമമുണ്ട്. അപ്പോഴാണ് തട്ടിപ്പുകാരിൽ ഒരാൾ ഓഫീസിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് മന്ത്രി

തിരുവനന്തപുരം: എസ്‌സി - എസ്‌ടി ഫണ്ട് തട്ടിപ്പ് കണ്ടെത്തിയതോടെ തനിക്ക് നേരെയും ഭീഷണിയുണ്ടെന്ന് മന്ത്രി കെ രാധാക്യഷ്ണൻ. കാച്ചാണി അജിത് എന്നയാളാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസിലെ ലാന്റ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. മൂന്നോ നാലോ തവണ ഇയാൾ ഓഫീസിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

എസ്‌സി എസ്ടി വിഭാഗങ്ങൾക്കുള്ള ധനസഹായം വേണ്ട ഗുണഭോക്താക്കളെ നേരിട്ട് കണ്ട് ഫണ്ട് ലഭ്യമാക്കുകയും അതിന് കമ്മീഷൻ വാങ്ങുകയും ചെയ്യുന്ന ഇടനിലക്കാരനാണ് ഇയാലെന്നാണ് വിവരം. ഇടനിലക്കാരെ ഒഴിവാക്കിയതിലുള്ള അമർഷമാണ് ഇയാൾ മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച് ചേർത്തത്. തട്ടിപ്പിന് പിന്നിൽ സിപിഎം പ്രവർത്തകർക്ക് പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരിക്കുന്ന ഘട്ടത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തലെന്നത് ഈ സംഭവത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

മന്ത്രിയെ ഭീഷണിപ്പെടുത്തിയ ആൾക്ക് രാഷ്ട്രീയ ബന്ധമുണ്ടോയെന്നത് വ്യക്തമല്ല. ഇടനിലക്കാരനായി നിന്ന് ഇയാൾ പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതതാണ് പ്രകോപനത്തിനു കാരണമെന്ന് മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. ഇയാൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം പരാതി നൽകിയെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

അതേസമയം പാവപ്പെട്ടവർക്കുള്ള ധനസഹായത്തിൽ കൈയ്യിട്ടുവാരുന്നവരോട് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. തട്ടിപ്പിന് താൻ കൂട്ടുനിൽക്കില്ലെന്ന് മനസിലായപ്പോൾ അവർക്ക് നല്ല വിഷമമുണ്ട്. അപ്പോഴാണ് തട്ടിപ്പുകാരിൽ ഒരാൾ ഓഫീസിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇത്തരം ഭീഷണികൾക്കൊന്നും വഴങ്ങില്ല. അതിനൊന്നും നമ്മളാരും വശംവദരാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ പിടിയിലായ പ്രധാന പ്രതി രാഹുലിനെ അന്വേഷണ സംഘം ദില്ലിയിലേക്ക് കൊണ്ടുപോയി. കേസിൽ കേസിൽ 11 പ്രതികളെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!