
ദില്ലി: ഇഡിയുടെ വിശാല അധികാരം ശരിവെച്ച സുപ്രീം കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി നാളെ തുറന്ന കോടതിയിൽ വാദംകേൾക്കും. കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം നൽകിയ ഹർജിയിലാണ് വാദം കേൾക്കുന്നത്. ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് തീരുമാനം. ഇഡിക്ക് പരമാധികാരം നൽകുന്ന വിധി പ്രസ്താവിച്ചത് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ്. ഇതിൽ ജസ്റ്റിസ് ഖാൻവിൽക്കർ വിരമിച്ചു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ ബെഞ്ചിൻ്റെ ഭാഗമാകുന്നത്.
നേരത്തെ കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമത്തിൽ ഇഡിക്ക് വിശാല അധികാരങ്ങൾ നല്കിയത് സുപ്രീം കോടതി ശരിവച്ചിരുന്നു. നിയമത്തിൻ്റെ അടിസ്ഥാനത്തിലുള്ള അറസ്റ്റ്, സ്വത്ത് കണ്ടുകെട്ടൽ, ജാമ്യത്തിനായുള്ള കർശനവ്യവസ്ഥകൾ തുടങ്ങിയവ കോടതി ശരിവെച്ചു. ഇഡി പൊലീസ് അല്ലെന്നും ഇസിഐആർ രഹസ്യരേഖയായി കാണക്കാമെന്നും വിധിയിൽ പറയുന്നു. അതേസമയം ധനകാര്യബില്ലിലൂടെ നിയമ ഭേദഗതി നടപ്പാക്കിയതിലെ തീർപ്പ് എഴംഗ ബെഞ്ചിന് വിട്ടു
ഇഡിയെ കേന്ദ്രസർക്കാർ രാഷ്ട്രീയ ആയുധമാക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് വിശാല അധികാരങ്ങൾ നൽകുന്ന നിയമഭേദഗതിക്കെതിരായ ഹർജികൾ സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബഞ്ചിൻറെ പ്രധാന തീരുമാനങ്ങൾ ഇങ്ങനെയായിരുന്നു.
എഫ്ആർ ഇല്ലാത്തതു കൊണ്ട് അറസ്റ്റു പാടില്ല എന്ന വാദം കോടതി തള്ളി.കള്ളപ്പണ കേസുകളിൽ ജാമ്യത്തിനുള്ള കടുത്ത ഉപാധികൾ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. സമന്‍സ് നല്‍കി ചോദ്യംചെയ്യാന്‍ വിളിക്കുമ്പോള്‍ അതിനുള്ള കാരണം വ്യക്തമാക്കേണ്ടതില്ലെന്നും എന്നാൽ അറസ്റ്റിന്റെ സമയത്ത് എന്തുകൊണ്ടാണ് അറസ്റ്റ് എന്ന് കുറ്റാരോപിതനോട് വ്യക്തമാക്കണമെന്നും സുപ്രീം കോടതിയുടെ മുൻവിധിയിൽ പറഞ്ഞിരുന്നു.
അതേസമയം ധനകാര്യബില്ലിലൂടെ നിയമത്തിൽ ഭേദഗതി നടപ്പാക്കിയത് ശരിയാണോയെന്ന് മൂന്നംഗ ബെഞ്ച് പരിശോധിച്ചില്ല. ഇത് പണബില്ലുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ഏഴംഗ ബെഞ്ചിന് വിടുന്നതായും കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. കാർത്തി ചിദംബരം, മെഹബൂബ മുഫ്തി തുടങ്ങി പല രാഷ്ട്രീയ നേതാക്കളുടെയും ഹർജിയും കോടതി തള്ളി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മന്ത്രിമാർ ഉൾപ്പടെ കസ്റ്റഡിയിൽ ഉള്ളപ്പോഴാണ് കേന്ദ്രത്തിന് ബലം നല്കുന്ന വിധി ജൂലൈ 27-ന് സുപ്രീംകോടതി പ്രസ്താവിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam