എല്ലാം സുപ്രീംകോടതി തീരുമാനിക്കും; മരടിലെ ഫ്ളാറ്റുടമയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

By Web TeamFirst Published Sep 20, 2019, 4:12 PM IST
Highlights

സുപ്രീം കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ അത് നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി

കൊച്ചി: മരട് നഗരസഭ നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാവാതെ കേരള ഹൈക്കോടതി. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സാവകാശം വേണമെങ്കിൽ സുപ്രീം കോടതിയെ തന്നെയാണ് സമീപിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഹൈക്കോടതി അവഗണിച്ചത്. 

സുപ്രീം കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ അത് നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രജിസ്ട്രി ചൂണ്ടിക്കാട്ടിയ പിഴവുകൾ ശരിയാണോ എന്ന്‌ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. മരട് ഫ്ളാറ്റ് കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇതുവരെ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും ഹാജരാക്കാന്‍ സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

കുടിയൊഴിപ്പിക്കൽ ചോദ്യം ചെയ്ത് മരടിലെ ഫ്ലാറ്റ് ഉടമ നൽകിയ ഹര്‍ജി പരിഗണിക്കുന്നതില്‍ തുടക്കം തൊട്ടെ ഹൈക്കോടതിയില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഫ്ലാറ്റ് പൊളിക്കൽ കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഹൈക്കോടതി രജിസ്ട്രി കേസ് നമ്പർ നൽകുന്നതിൽ വിസമ്മതിച്ചു.

ഹർജിക്കാരന്റെ അപേക്ഷ മാനിച്ചു നമ്പർ ഇല്ലാത്ത ഹർജി  തീരുമാനം എടുക്കുന്നതിനായി സിംഗിൾ ബഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു ഒടുവില്‍.  ഹോളി ഫെയ്ത് ഫ്ളാറ്റിലെ താമസക്കാരനായ കെ കെ നായരാണ് നഗരഭ നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

click me!