
തൃശൂർ: വാന്‍ കനാലിലേക്ക് തെന്നിവീണ് 27 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളെ കയറ്റി വീടുകളിലേക്ക് വരികയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. ആളൂര്‍ സെന്‍റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. തുമ്പൂര്‍മുഴി വലതുകര മെയിന്‍ കനാലിന്‍റെ താണിപ്പാറ ഭാഗത്ത് വച്ചാണ് വാന്‍ തെന്നി കനാലിലേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് സമീപത്തുണ്ടായ നാട്ടുകാര്‍ ഓടിയെത്തി വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തുകയായിരുന്നു. കനാലില്‍ അധികം വെള്ളമില്ലാഞ്ഞിരുന്നത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി. വീതി കുറഞ്ഞ കനാല്‍ ബണ്ട് റോഡിലൂടെ വന്ന വാഹനം റോഡില്‍ നിന്നും തെന്നി കനാലിലേക്ക് വീഴുകയായിരുന്നു.
ആളൂര്‍ പോലീസും ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. കൈ വിരലിന് പരിക്കേറ്റ താണിപ്പാറ മണ്ടത്തറ നയന(10), സഹോദരി അനന്യ(9)എന്നിവരെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോട്ട പള്ളൂപറമ്പില്‍ പി വി ഷിഖ(11), പള്ളുപറമ്പില്‍ ശിവാനി(9), പോട്ട പൊറുത്തൂകാരന്‍ നിധി ജെയിംസ്, ഞാറേക്കാടന്‍ കെവിന്‍ ഷിനോജ്(13), കൊല്ലെന്‍തേറി എയ്ഡന്‍(4), അധ്യാപിക നിധിമോള്‍(45)എന്നിവരെ ചാലക്കുടി സെന്റ്.ജെയിംസ് ആശുപത്രിയിലും നിരുപമ സന്തോഷ്(11), ആവന്തിക(10), അനാമിക(13), ആദം(13), സയാ എലിസബത്ത്(4), സിയാന്‍(4), ലാറീസ്(14), ജുലീന(13), അലിന്‍ റോസ്(14), അയന(7), ജാസ്മിന്‍(5), സോന(14), അബേബ(8), അബിഗെയില്‍(5), ആന്റണി(14), അനക്‌സ്(13), ഷാരോണ്‍(9), ജോയല്‍(13), എയ്‌സന്‍, എന്നിവരെ പോട്ട ധന്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍, സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു, പ്രതിപക്ഷ ലീഡര്‍ ജില്‍ ആന്‍റണി, തഹസില്‍ദാര്‍ ജേക്കബ്ബ് തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam