സിയ ഫാത്തിമയെ കലോത്സവത്തിൽ പങ്കെടുപ്പിച്ചതിന് സഹപാഠികളുടെ നന്ദി; 'കുഞ്ഞുങ്ങളേ, ഇത് ഞങ്ങളുടെ കടമ'യെന്ന് മന്ത്രി

Published : Jan 20, 2026, 11:29 AM IST
Sivankutty

Synopsis

അസുഖബാധിതയായ സിയ ഫാത്തിമക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി പങ്കെടുക്കാൻ അവസരം നൽകിയ സർക്കാരിന് നന്ദി പറഞ്ഞ് സഹപാഠികൾ. ഇത് തങ്ങളുടെ കടമയെന്ന് വി.ശിവൻകുട്ടി പറഞ്ഞു. 

തിരുവനന്തപുരം: കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് കാസര്‍കോഡ് സ്വദേശിനിയായ സിയ ഫാത്തിമക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിൽ സംസ്ഥാന സർക്കാരിന് നന്ദി പറഞ്ഞ് സഹപാഠികൾ. പടന്ന എം.ആർ.വി.എച്ച്.എസ്സിലെ വിദ്യാർത്ഥികൾ മൈതാനത്ത് അണിനിരന്ന് 'നന്ദി' എന്ന് കുറിച്ചാണ് സ്നേഹപ്രകടനം നടത്തിയത്. കുഞ്ഞുങ്ങളേ, ഇത് ഞങ്ങളുടെ കടമ എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. വിദ്യാർത്ഥികളുടെ വീ‍ഡിയോയും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കുഞ്ഞുങ്ങളേ, ഇത് ഞങ്ങളുടെ കടമ...

പടന്ന എം.ആർ.വി.എച്ച്.എസ്സിലെ പ്രിയ വിദ്യാർത്ഥികൾ ഒരൊറ്റ മനസ്സോടെ മൈതാനത്ത് അണിനിരന്ന് 'നന്ദി' എന്ന് കുറിച്ച ആ കാഴ്ച ഹൃദയത്തിൽ തൊട്ടു. അസുഖബാധിതയായി കഴിയുന്ന സഹപാഠി സിയ ഫാത്തിമയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി പങ്കെടുക്കാൻ അവസരം നൽകിയതിനാണ് ഈ സ്നേഹപ്രകടനം എന്ന് അറിയുമ്പോൾ അതിലേറെ സന്തോഷം.

പ്രിയപ്പെട്ട കുട്ടികളേ, സർക്കാരിന് നന്ദി പറയേണ്ടതില്ല. ഓരോ വിദ്യാർത്ഥിക്കും തുല്യ അവസരം ഉറപ്പാക്കുക എന്നത്, ശാരീരികമായ അവശതകൾക്കിടയിലും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവർക്ക് വേദി ഒരുക്കുക എന്നത് ഈ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആ കടമ നിറവേറ്റുക മാത്രമാണ് ഞങ്ങൾ ചെയ്തത്.

സിയ ഫാത്തിമയെ ചേർത്തുപിടിച്ച പടന്നയിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ. സിയ മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. നമുക്ക് മുന്നോട്ട് പോകാം, ആരെയും ഒഴിവാക്കാതെ, എല്ലാവരെയും കൂടെക്കൂട്ടി...

കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ടാണ് കാസര്‍കോഡ് സ്വദേശിനിയായ സിയ ഫാത്തിമക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകിയത്. യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ട സിയ ഫാത്തിമ തൃശൂരില്‍ എത്തി മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ തന്‍റെ അവസ്ഥ വ്യക്തമാക്കി മന്ത്രി ശിവന്‍കുട്ടിക്ക് കത്തെഴുതുകയായിരുന്നു. കത്ത് വായിച്ച മന്ത്രി സിയയ്ക്കായി പ്രത്യേക ഉത്തരവും ഇറക്കി. കാസര്‍കോട്ടെ വീട്ടിലിരുന്ന് അറബിക് പോസ്റ്റര്‍ നിര്‍മ്മാണ മത്സരത്തിൽ പങ്കെടുത്ത സിയയ്ക്ക് എ ഗ്രേഡ് ലഭിച്ചു. സമാപന സമ്മേളന ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വി ശിവൻകുട്ടിയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിനന്ദിച്ചതും ശ്രദ്ധേയമായിരുന്നു. വാസ്കു ലിറ്റിസ് എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ് സിയ ഫാത്തിമ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിയമസഭയിൽ അസാധാരണ നീക്കം‌; നയപ്രഖ്യാപനത്തിൽ ഗവര്‍ണര്‍ മാറ്റം വരുത്തി, വായിക്കാതെ വിട്ട ഭാഗം വായിച്ച് മുഖ്യമന്ത്രി
ശബരിമലയിലുണ്ടായ ക്രമക്കേടുകൾ സിസ്റ്റത്തിന്റെ പരാജയം; ഇഡി അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് കെ ജയകുമാർ