
കണ്ണൂർ: ഇന്നലെ കൊല്ലപ്പെട്ട എസ്ഡിപഐ പ്രവർത്തകൻ സലാഹുദ്ദീന് കൊവിഡ് പരിശോധന ഫലം പോസിറ്റീവ്. തലശ്ശേരി ജനറൽ ആശുപത്രിയിലാണ് സ്രവ പരിശോധന നടത്തിയത്. വെട്ടേറ്റ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാർ, ആംബുലൻസ് ഡ്രൈവർ, പൊലീസുകാർ, ഉൾപ്പടെ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
2018 ജനുവരിയിൽ എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് കൊല്ലപ്പെട്ട സലാഹുദ്ദീൻ. പ്രതികാരക്കൊലയാകാനാണ് സാധ്യതയെന്നും പ്രതികളെക്കുറിച്ച് സൂചന കിട്ടിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്. വൈകിട്ടോടെ, കാറിൽ പോകുന്നതിനിടെ ബൈക്കിലെത്തിയ സംഘം സലാഹുദ്ദീനെ തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു.
ഇന്നലെ വൈകിട്ട് മൂന്നരയോടെ ചിറ്റാരിപ്പറമ്പ് ചൂണ്ടയിൽ വച്ചാണ് സംഭവം. സഹോദരിമാരോടൊപ്പം സലാഹുദ്ദീൻ കാറിൽ പോകവേ ഒരു ബൈക്ക് വന്നു തട്ടി. രണ്ടാളുകൾ നിലത്തു വീണത് കണ്ട് ഡോറ് തുറന്നിറങ്ങിയ സലാഹുദ്ദീനെ സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നു, തലയ്ക്കും കഴുത്തിനുമാണ് മാരകമായി വെട്ടേറ്റത്. ആശുപത്രിയിലേക്കുള്ള വഴിയിൽ വച്ചുതന്നെ സലാഹുദ്ദീൻ മരിച്ചു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
മുപ്പതുകാരനായ സലാഹുദ്ദീന് രണ്ട് മക്കളുണ്ട്. കണ്ണവത്തെ എസ്ഡിപിഐ പ്രാദേശിക നേതാവായ സലാഹുദ്ദീൻ ശ്യാമപ്രസാദ് കൊലക്കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam