കുട്ടനാടിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍ ഇനി സീ കുട്ടനാട് ബോട്ട് സർവിസ്

By Web TeamFirst Published Sep 30, 2022, 4:13 PM IST
Highlights

പഴയ സീ കുട്ടനാടിനേക്കാൾ കൂടുതൽ സ്ഥലങ്ങള്‍ കൂടി ഉൾപ്പെടുത്തിയാണ്‌ പുതിയ റൂട്ടെന്ന്‌ ജലഗതാഗത ഡയറക്‌ടർ ഷാജി വി നായർ പറഞ്ഞു. 

ആലപ്പുഴ: കായൽക്കാഴ്‌ചകളും കുട്ടനാടൻ സൗന്ദര്യവും ആവോളം ആസ്വദിക്കാൻ ഇനി സീ കുട്ടനാട് ടൂറിസം ബോട്ട് യാത്ര. ജലഗതാഗത വകുപ്പ്‌ 17 ന്‌ ഉദ്‌ഘാടനം ചെയ്‌ത ബോട്ടിന്‍റെ സർവീസ്‌ നാളെ ആരംഭിക്കും. ആലപ്പുഴ ബസ്‌സ്‌റ്റാന്‍റ് ജെട്ടിയിൽ നിന്ന്‌ (മാതാ ജെട്ടി) രാവിലെ 10 നാണ്‌ ആദ്യട്രിപ്പ്‌. മൂന്ന് മണിക്കൂറാണ്‌ സഞ്ചാരം. അതിവേഗ എസി ബോട്ടായ വേഗ -2 മാതൃകയിൽ കുറഞ്ഞ ചെലവിൽ സഞ്ചാരികൾക്ക്‌ കായൽക്കാഴ്‌ചകൾ കാണാൻ അവസരമൊരുക്കുകയാണ്‌ സീ കുട്ടനാട്‌. 

വേഗ 2 വേമ്പനാട്ട് കായലിലൂടെയുള്ള യാത്രയാണെങ്കിൽ ഇതിൽ കുട്ടനാടൻ കാഴ്‌ചകൾ കാണാനും അവസരമുണ്ട്‌. പഴയ സീ കുട്ടനാടിനേക്കാൾ കൂടുതൽ സ്ഥലങ്ങള്‍ കൂടി ഉൾപ്പെടുത്തിയാണ്‌ പുതിയ റൂട്ടെന്ന്‌ ജലഗതാഗത ഡയറക്‌ടർ ഷാജി വി നായർ പറഞ്ഞു. പുന്നമട ഫിനിഷിങ്‌ പോയന്‍റ്, സ്‌റ്റാർട്ടിങ്‌ പോയന്‍റ്, സായികേന്ദ്രം വഴി മാർത്താണ്ഡം കായലിലെത്തും. അവിടെനിന്ന്‌ കമലന്‍റെ മൂല, രംഗനാഥ്‌, സി. ബ്ലോക്ക്‌, വട്ടക്കായൽ വഴി ചെറുകായലിലൂടെയാണ് യാത്ര. തുടർന്ന്‌ കൈനകരിയിലെ ചാവറയച്ചന്‍റെ ജന്മഗൃഹത്തിൽ എത്തി 20 മിനിറ്റ്‌ തങ്ങും. തിരിച്ച് മംഗലശ്ശേരി, കുപ്പപ്പുറം, പുഞ്ചിരി, ലേക്ക്‌ പാലസ്‌ റിസോർട്ട്‌ വഴി ആലപ്പുഴയിലെത്തും.

രാവിലെ പത്ത് മുതൽ ഒന്നു വരെയും മൂന്ന് മുതൽ ആറ് വരെയും ബോട്ടിങ്ങുള്ള രണ്ട്‌ ട്രിപ്പാണുള്ളത്‌. ഇരുനില ബോട്ടിന്‍റെ മുകളിൽ 30 സീറ്റും താഴെ 60 സീറ്റുമുണ്ട്. ഐആർഎസിന്‍റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്‌റ്റീലിലാണ് ബോട്ട് നിർമിച്ചത്. അകത്ത് ഭക്ഷണം വിതരണത്തിന്‌ കഫ്റ്റീരിയ ഉണ്ട്. സഞ്ചാരികള്‍ക്കുള്ള ഭക്ഷണം ഒരുക്കുന്നത് കുടുംബശ്രീയാണ്‌.  ബുക്കിങ്‌ ബുധനാഴ്‌ച തന്നെ ആരംഭിച്ചു. രണ്ട് ദിവസം കൊണ്ട്‌ 250 ലേറെ സീറ്റ്‌ ബുക്കിങ്ങായി. മുകൾ നിലയ്‌ക്ക്‌ 300 രൂപയും താഴെ 250 രൂപയുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9400050325

click me!