പുത്തുമലയിൽ കാണാതായവർക്ക് വേണ്ടി തെരച്ചിൽ ജില്ലയ്ക്ക് പുറത്തേക്ക്

By Web TeamFirst Published Aug 22, 2019, 7:05 AM IST
Highlights

പതിനൊന്ന് പേരെയാണ് ഇനി കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്. ഇന്നലത്തെ തെരച്ചിലിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പുത്തുമലയിൽ കണ്ടെത്താനുള്ളത്  അഞ്ചു പേരെ.

കവളപ്പാറ/പുത്തുമല: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയിൽ ഇന്നും തെരച്ചിൽ തുടരും. പതിനൊന്ന് പേരെയാണ് ഇനി കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്. ഇന്നലത്തെ തെരച്ചിലിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജിയോളജി ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് പരിശോധനയ്ക്കായി കവളപ്പാറയിലെത്തിയേക്കും. സംസ്ഥാന കൃഷി മന്ത്രി വി എസ് സുനിൽകുമാറും ഇന്ന് കവളപ്പാറയിലെത്തും.

പുത്തുമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചിൽ ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കും. നിലമ്പൂർ ഭാഗത്തേക്ക് ചാലിയാർ പുഴയിലൂടെ ഇന്ന് തിരച്ചിൽ നടത്തും. ബന്ധുക്കളുടെ അഭ്യർത്ഥന പരിഗണിച്ചാണ് തീരുമാനം. പുത്തുമല ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ 13 ദിവസം പിന്നിടുകയാണ്. ആറ് കിലോമീറ്ററിലധികം ദൂരത്ത് തെരച്ചിൽ നടത്തിയിട്ടും അഞ്ചു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

സാധ്യമായതെല്ലാം ചെയ്ത് കഴിഞ്ഞെന്ന് കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിൽ ജില്ലാ ഭരണകൂടം അറിയിച്ചു. എന്നാൽ തിരച്ചിൽ അവസാനിപ്പിക്കരുതെന്ന ആവശ്യത്തിൽ ബന്ധുക്കൾ ഉറച്ച് നിന്നു. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് നിന്ന് 2 മൃതദേഹങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ദൂരത്ത് തിരച്ചിൽ വേണമെന്ന അഭ്യർഥന പരിഗണിച്ചാണ് ദൗത്യം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുന്നത്

മൂപ്പനാട് പഞ്ചായത്തിലെ പരപ്പൻപാറയിൽ നിന്ന് നിലമ്പൂരിനടുത്ത് മുണ്ടേരി വരെയാണ് ചാലിയാറിലൂടെ തിരച്ചിൽ നടത്തുക. ഏറെ ദുഷ്കരമായ ദൗത്യത്തിനായി വിദഗ്ധരായ 25 പേരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും, അതത് പ്രദേശങ്ങളിലെ ആദിവാസികളുടേയും നാട്ടുകാരുടേയും സഹായവും വഴിയിലെല്ലാം ഉറപ്പ് വരുത്തും. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ ഭൗത്യസംഘം ആയുധങ്ങളും കൊണ്ടുപോവും. പുത്തുമലയിലെ തിരച്ചിൽ മൂന്ന് ദിവസം മുൻപ് തന്നെ അവസാനിപ്പിച്ചിരുന്നു.

click me!