'സോണാര്‍ സാങ്കേതികവിദ്യയും ഡോഗ് സ്ക്വാഡും'; പുത്തുമലയിലും കവളപ്പാറയിലും തെരച്ചില്‍ തുടരും

By Web TeamFirst Published Aug 14, 2019, 7:18 AM IST
Highlights

പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചിൽ തുടരും. കവളപ്പാറയിൽ മണ്ണിനടിയിൽ കുടുങ്ങിയവർക്കായി സോണാർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്ന് തുടങ്ങിയേക്കും

കോഴിക്കോട്: പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചിൽ തുടരും. കവളപ്പാറയിൽ മണ്ണിനടിയിൽ കുടുങ്ങിയവർക്കായി സോണാർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്ന് തുടങ്ങിയേക്കും. പുത്തുമലയിൽ ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തെരച്ചിൽ നടത്തും. 

കൂടാതെ സ്വകാര്യ ഡോഗ് ഏജൻസിയെ ദുരന്തഭൂമിയിൽ എത്തിച്ചും തെരച്ചിലിന് ശ്രമിക്കും. പുത്തുമലയിൽ ഇനി ഏഴുപേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ആകെ 10 മൃതദേഹങ്ങളാണ് ഇതുവരെ കിട്ടിയത്. കവളപ്പാറയിൽ ഇതുവരെ 23 മൃതദേഹം കണ്ടെത്തി. 36പേർക്കായാണ് ഇപ്പോൾ തെരച്ചിൽ നടക്കുന്നത്

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 95 ആയി. ഉരുൾപൊട്ടൽ വൻദുരന്തം വിതച്ച കവളപ്പാറയിൽ ഇന്നലെ കണ്ടെത്തിയത് നാല് മൃതദേഹങ്ങളാണ്. ഇതോടെ കവളപ്പാറയിൽ 23 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 36 പേരെയാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്. ദുരിതബാധിതർക്കുളള ധനസഹായം ഇന്ന് മന്ത്രിസഭായോഗത്തിൽ പ്രഖ്യാപിക്കും.

വയനാട് പുത്തുമലയിലും തുടർച്ചയായി അഞ്ചാം ദിവസമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കഴിഞ്ഞദിവസത്തില്‍ നിന്നും വ്യത്യസ്ഥമായി പന്ത്രണ്ടോളം ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് മണ്ണുമാന്തി രക്ഷാദൗത്യം നടത്തിയത്. പുത്തുമലയിൽ സംഭവിച്ചത് ഉരുൾപൊട്ടലല്ല അതിശക്തമായ മണ്ണിടിച്ചിലെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്‍റെ റിപ്പോർട്ട്.

രണ്ട് ദിവസം കൂടി മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആയിരിക്കും. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്ത് ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 

click me!