തിരുവനന്തപുരത്ത് ബെവ്കോ ഔട്‌ലെറ്റിലെ മറ്റൊരു ജീവനക്കാരൻ കൂടി കൊവിഡ് നിരീക്ഷണത്തിൽ

By Web TeamFirst Published Mar 23, 2020, 1:44 PM IST
Highlights

തലസ്ഥാനത്തെ ബെവ്കോ ജീവനക്കാരിയെ കൊവിഡ് 19 നിരീക്ഷണത്തിലാക്കിയ വാർത്ത രാവിലെ പുറത്തുവന്നിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടാമത്തെ ബെവ്കോ ജീവനക്കാരനും കൊവിഡ് നിരീക്ഷണത്തിൽ. പവർഹൗസ് റോഡിലെ ബെവ് കോ ഔട്ട് ലെറ്റിലെ ഒരു ജീവനക്കാരനാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇദ്ദേഹത്തിന് പനി ബാധിച്ചു. ഈ സാഹചര്യത്തിലാണ് ജീവനക്കാരൻ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

തലസ്ഥാനത്തെ ബെവ്കോ ജീവനക്കാരിയെ കൊവിഡ് 19 നിരീക്ഷണത്തിലാക്കിയ വാർത്ത രാവിലെ പുറത്തുവന്നിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. എന്നാൽ കൊവിഡ് ബാധയാണെന്ന സംശയത്തെ തുടർന്ന് ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി.

കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകൾ അടക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ബിയർ പാർലറുകളും അടയ്ക്കും. എന്നാൽ ബെവ്കോ ഔട്‌ലെറ്റുകളിൽ കൂടുതൽ കടുത്ത നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം. ഇവ അടയ്ക്കില്ല.

കാസർകോട് ജില്ലയിൽ പൂർണ്ണ ലോക് ഡൗണിനും രോഗം സ്ഥിരീകരിച്ച മറ്റിടങ്ങളിൽ ഭാഗിക ലോക് ഡൗണിനും തലസ്ഥാനത്ത് ചേർന്ന മന്ത്രിസഭാ യോഗം നിർദ്ദേശം നൽകി. സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് വ്യാപനം തടയാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അവൈലബിൾ കാബിനറ്റ് യോഗം ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്തിരുന്നു. ഇതിലാണ് ബാറുകൾ അടയ്ക്കാൻ തീരുമാനിച്ചത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!