
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ, കെപിസിസിക്ക് പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു. അയൽസംസ്ഥാനത്തുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കെപിസിസിക്ക് പരാതി അയച്ചത്. പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നാൽ രാഹുലിന് കുരുക്ക് മുറുകും. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. രണ്ടാമത്തെ ബലാൽസംഗത്തിൻ്റെ എഫ്ഐആർ പ്രോസിക്യൂഷൻ കോടതിയിൽ നൽകും. രാഹുൽ സ്‌ത്രീകളെ സ്ഥിരമായി ശല്യം ചെയ്യുന്ന വ്യക്തിയാണെന്ന് പ്രോസിക്യൂഷൻ വാദിക്കും. കൂടാതെ ഉത്തരവ് ഇന്ന് തന്നെയുണ്ടാകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.
ലൈംഗിക പീഡനകേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷൻ ഇന്ന് ഹാജരാക്കുന്ന പുതിയ തെളിവ് പരിശോധിച്ച് വാദം കേട്ടാകും വിധി. ഇന്നലെ ഒന്നര മണിക്കൂറോളമാണ് പ്രതിഭാഗവും പ്രോസിക്യൂഷൻ കോടതിയിലെ അടച്ചിട്ട മുറിയിൽ വാദം നടത്തിയത്. യുവതിയെ നിരന്തരം പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പരാതിക്ക് പിന്നിൽ സിപിഎം ബിജെപി രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് രാഹുലിന്‍റെ വാദം. തന്‍റെ ഓഡിയോ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതിലും ഗൂഢാലോചന ഉണ്ടെന്നും യുവതിയുടെ സമ്മതത്തോടെയാണ് ഗർഭഛിദ്രം നടന്നതെന്നുമായിരുന്നു രാഹുലിന്‍റെ വാദം
അതേ സമയം, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിലെ വിധി കൂടി പരിഗണിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിൽ നിന്ന് തീരുമാനമെടുക്കാൻ കെപിസിസി. പുറത്താക്കാൻ ധാരണയായെങ്കിലും കോടതി വിധി കേൾക്കണമെന്ന നിലയിലേക്ക് പാർട്ടി നേതൃത്വം എത്തി. അച്ചടക്ക നടപടി നീളുന്നതിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്. കോടതി വിധിക്ക് ശേഷം നേതാക്കൾ ആലോചിച്ചാകും അന്തിമ തീരുമാനം എടുക്കുക. എംഎൽ.എ സ്ഥാനത്തു നിന്ന് രാജിവെക്കാൻ പാർട്ടി ആവശ്യപ്പെടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam