
തിരുവനന്തപുരം: കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് വൈകുന്നതിൽ ആശങ്ക പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ കേന്ദ്രങ്ങളിലെ തിരക്കിന് ഇതും ഒരു കാരണമാകുന്നതിനാലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. ആദ്യത്തെ ഡോസ് വാക്സിൻ എടുത്തുവർ രണ്ടാമെത്തെ ഡോസ് കിട്ടാൻ തടസമുണ്ടാകുമോ എന്ന് ആശങ്കപ്പെടുന്നുണ്ട്.
വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കിന് അതും കാരണമാണ്. കേരളത്തിൽ ഭൂരിപക്ഷം പേർക്കും കൊവിഷിൽഡ് വാക്സിനാണ് എടുത്തിരിക്കുന്നത്. ആ വാക്സിൻ്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകിയാലും കുഴപ്പമില്ലെന്നും രണ്ടാമത്തെ ഡോസ് അത്രയും വൈകുന്നതാണ് നല്ലതെന്നുമാണ് പഠനങ്ങൾ പറയുന്നത്. മറിച്ചുള്ള ആശങ്കകൾ അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് വാക്സിൻ എടുത്തവർക്കും രോഗബാധയുണ്ടാക്കുന്നുണ്ടല്ലോ അതിനാൽ വാക്സിൻ എടുക്കേണ്ടതുണ്ടോ എന്ന സംശയം ചിലർ ഉന്നയിക്കുന്നുണ്ട്. ബ്രേക്ക് ത്രൂ ഇൻഫക്ഷൻ എന്ന ഈ പ്രതിഭാസം വാക്സിൻ്റെ കാര്യത്തിൽ മാത്രമല്ല ബാധകം. വാക്സിൻ എടുത്താലും അപൂർവ്വം ചിലർക്ക് രോഗം വരാം. വാക്സിനുകൾ രോഗം വരാനുള്ള സാധ്യത 70 മുതൽ 80 ശതമാനം വരേയും, ഇനി രോഗം വന്നാൽ ആരോഗ്യനില ഗുരുതരമാക്കാതിരിക്കാനുള്ള സാധ്യത 95 ശതമാനം വരേയും ഒഴിവാക്കുന്നുണ്ട്.
മരണസാധ്യത തീരെ ഇല്ല എന്നു തന്നെ പറയാം. ഇന്ത്യയിൽ ഇതുവരെ നടന്ന കൊവിഡ് വാക്സിനേഷൻ ഐസിഎംആർ പഠനവിധേയമാക്കിയപ്പോൾ പതിനായിരത്തിൽ നാല് പേർക്ക് മാത്രമാണ് വാക്സിൻ എടുത്ത ശേഷം കൊവിഡ് വന്നത്. വാക്സിൻ ലഭ്യമാക്കുന്ന മുറയ്ക്ക് മടി കൂടാതെ അതു സ്വീകരിക്കാൻ എല്ലാവരും തയ്യാറാവണം. വാക്സിൻ എടുത്തു എന്ന ആത്മവിശ്വാസത്തോടെ ശ്രദ്ധയില്ലാതെ നടന്നാൽ രോഗം പിടിപ്പെടാം. രോഗം വന്നില്ലെങ്കിലും അതു പടർത്താൻ അവർക്ക് സാധിക്കും. സമൂഹത്തിൽ ഭൂരിപക്ഷം പേർക്കും വാക്സിൻ ലഭിക്കും വരെ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ബാധ്യസ്ഥരാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam