സെക്രട്ടറിയേറ്റിലെ തീപിടിത്തം: പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി, മനോജ് എബ്രഹാം സെക്രട്ടറിയേറ്റിൽ

By Web TeamFirst Published Aug 26, 2020, 8:48 AM IST
Highlights

തീപിടിത്തം വൻ വിവാദമായതോടെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ഉദ്യോഗസ്ഥ സംഘവും പൊലീസും ഉടൻ അന്വേഷണ റിപ്പോർട്ട് നൽകും.

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി. എസ് പി അജിത്തിൻ്റെ നേതൃത്വത്തിലാണ് പരിശോധന. ഫൊറൻസിക് സംഘവും സെക്രട്ടറിയേറ്റിലെ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നു. ഉദ്യോഗസ്ഥ സംഘവും പൊലീസും ഉടൻ അന്വേഷണ റിപ്പോർട്ട് നൽകും. എഡിജിപി മനോജ് എബ്രഹാം സെക്രട്ടറിയേറ്റിൽ എത്തിയിട്ടുണ്ട്. 

തീപിടിത്തം വൻ വിവാദമായതോടെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ലോക്കൽ പൊലീസിൽ നിന്നും രാത്രി തന്നെ അന്വേഷണം എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏല്പിച്ചു. ഒപ്പം ദുരന്ത നിവാരണവിഭാഗം കമ്മീഷണർ എ കൗശികന്‍റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പൊലീസ് സംഘം സെക്രട്ടറിയേറ്റിൽ ഇന്നലെയെത്തി പരിശോധന നടത്തിയിരുന്നു. എഡിജിപി മനോജ് എബ്രഹാമും ഐജി പി വിജയനും ഇന്ന് സെക്രട്ടറിയേറ്റിലെത്തി പരിശോധിക്കും.

ഫോറൻസിക് പരിശോധനാ ഫലം വേഗത്തിൽ ലഭ്യമാക്കും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്‍റെയും പരിശോധനാ റിപ്പോർട്ടും വൈകില്ല. തീപിടിത്തം അട്ടിമറിയാണോ എന്ന ആക്ഷേപമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഏതൊക്കെ ഫയലുകളാണ് നശിച്ചതെന്ന് അറിയാൻ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും. കേടായ സീലിംഗ് ഫാൻ ഉള്ള ഭാഗത്തുനിന്നാണ് തീ പടർന്നത്. അതിനിടെ തീപിടിത്തത്തിന് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് അടക്കമുള്ളവർ സെക്രട്ടറിയേറ്റിനുള്ളിൽ കയറി പ്രതിഷേധിച്ചതിൽ പൊലീസിനും സുരക്ഷാ ജീവനക്കാർക്കും വീഴ്ചയുണ്ടായെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട്. 

click me!