സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്ക് എത്രയും പെട്ടെന്ന് പിപിഇ കിറ്റുകൾ നൽകാൻ നിർദേശം

By Web TeamFirst Published Apr 28, 2020, 7:45 AM IST
Highlights

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടാല്‍ ഒരുപാട് പേരിലേക്ക് രോഗം പടരാനുള്ള സാധ്യതയുമുണ്ട്.
 

തിരുവനന്തപുരം: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുളളയുള്ള ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അടക്കം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്‌ക്കുകളും വ്യക്തിഗത സുരക്ഷ ഉപകരണങ്ങളുമെത്തിക്കാന്‍ ആരോഗ്യ സെക്രട്ടറിയുടെ അടിയന്തര നിര്‍ദേശം. ഡോക്ടര്‍ക്കും ആശ പ്രവര്‍ത്തകയ്ക്കുമടക്കം രോഗം സ്ഥിരീകരിച്ചതോടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍. അതേസമയം സുരക്ഷ ഉപകരണങ്ങളുടെ അഭാവത്തിലും ഉള്ളവയുടെ ഗുണനിലവാരമില്ലായ്മയിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക കൂട്ടുന്നുണ്ട്. വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്നും ഉള്ളവയ്ക്ക് ഗുണമില്ലെന്നും ആരോപണമുയര്‍ന്നു. രോഗം പകരാതിരിക്കാന്‍ കരുതല്‍ വേണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. 

വിദേശത്തുനിന്നുള്‍പ്പടെ എത്തുന്നവരെ കണ്ട് വിവര ശേഖരണം നടത്തേണ്ടവരാണ് ആശ പ്രവര്‍ത്തകര്‍, എന്നാലിവര്‍ക്ക് സുരക്ഷിതമായ എന്‍ 95 മാസ്‌കോ ത്രീലെയര്‍ മാസ്‌കോ ഗ്ലൗസോ കൊടുത്തിട്ടില്ല. കൊടുത്തിരുന്നവ ഒന്നും സുരക്ഷിതമല്ലായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇവരിലൊരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ഏലപ്പാറയില്‍ കൊവിഡ് രോഗിയെ പരിചരിച്ച ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതും വ്യക്തിഗത സുരക്ഷ ഉപകരണങ്ങളുടെ അഭാവമാണെന്നാണ് പരാതി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടാല്‍ ഒരുപാട് പേരിലേക്ക് രോഗം പടരാനുള്ള സാധ്യതയുമുണ്ട്. 

അതേസമയം എല്ലാ ആശുപത്രികളിലും എന്‍ 95 മാസ്‌ക്കുകളും സാനിട്ടൈസറുകളും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ വിശദീകരണം. രോഗബാധിതരുള്ള ഇടങ്ങളിലെ എല്ലാ ആശുപത്രികളിലും പിപിഇ കിറ്റുകള്‍ ഉണ്ട്. ആശുപത്രികളില്‍ മാത്രം ഒരുലക്ഷത്തി 25000 പിപിഇ കിറ്റുകളും 1.74 ലക്ഷം എന്‍ 95 മാസ്‌ക്കുകളും സ്റ്റോക്കുണ്ട്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ 4 ലക്ഷം എന്‍ 95മാസ്‌ക്കുകളും 1.75 ലക്ഷം പിപിഇ കിറ്റുകളും കരുതല്‍ ശേഖരമായുണ്ടെന്നും 8ലക്ഷം അധികമായി സംഭരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
 

click me!