തോൽവിക്ക് ശേഷമുള്ള ആദ്യ പരസ്യ പ്രതികരണം, ചിരിയോടെ പിണറായി പറഞ്ഞു 'പിന്നെ കാണാം'! പ്രതിപക്ഷ നേതാവിനെ കേരളത്തിൽ തീരുമാനിക്കുമെന്ന് എം വി ഗോവിന്ദൻ

Published : May 11, 2026, 02:58 PM IST
pinarayi

Synopsis

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യമായി പരസ്യമായി പ്രതികരിച്ച പിണറായി, ചിരിയോടെ 'പിന്നെ കാണാം' എന്ന് മാത്രമാണ് പറഞ്ഞത്. ദില്ലിയിൽ ചേർന്ന സിപിഎം പിബി യോഗത്തിന് ശേഷം മടങ്ങവെയായിരുന്നു പ്രതികരണം. പ്രതിപക്ഷ നേതാവിനെ കേരളത്തിൽ തീരുമാനിക്കുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി

ദില്ലി: തെര‍ഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഇതാദ്യമായി കാവൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരസ്യ പ്രതികരണം. ചിരിച്ചുകൊണ്ട് 'പിന്നെ കാണാം' എന്നായിരുന്നു പിണറായിയുടെ മറുപടി. ദില്ലിയിൽ ചേർന്ന സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവെയാണ് പിണറായി ആദ്യമായി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്. ഇതിനിടെ പലകുറി മാധ്യമ പ്രവർത്തകർ വിവിധ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും ഒരക്ഷരം പറയാതെ നടന്നുനീങ്ങുകയായിരുന്നു. പിണറായിക്കൊപ്പം പി ബി യോഗത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മാധ്യമങ്ങളോട് പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിലെ അഭിപ്രായം പങ്കിട്ടു. പ്രതിപക്ഷ നേതാവിന്‍റെ കാര്യം കേരളത്തിൽ തീരുമാനിക്കുമെന്നാണ് എം വി ഗോവിന്ദൻ വ്യക്തമാക്കിയത്. രണ്ട് ദിവസം ദില്ലിയിൽ ചേർന്ന പി ബി യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയടക്കം വിശദമായി ചർച്ചയായി. പി ബി യോഗത്തിലെ തീരുമാനങ്ങളടക്കം വിവരിക്കാൻ ഇന്ന് 4 മണിക്ക് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവിൽ പിബി ഇടപെടുമോ

അതേസമയം പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിൽ പൊളിറ്റ് ബ്യൂറോയുടെ കൂടി ഇടപെടൽ ഉണ്ടാകും എന്ന സൂചന ഇന്നലെ ജനറൽ സെക്രട്ടറി എം എ ബേബി നൽകിയിരുന്നു. വിഷയം പി ബി ചർച്ച ചെയ്യുമെന്ന് എം എ ബേബി വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയൻ തന്നെ തുടരട്ടെ എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ വികാരം. എന്നാൽ ജനറൽ സെക്രട്ടറി എം എ ബേബിക്കും കേന്ദ്ര നേതൃത്വത്തിനും വ്യത്യസ്ത നിലപാടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പിണറായി പ്രഖ്യാപിക്കുന്നില്ല എന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് സി പി എം ജനറൽ സെക്രട്ടറി പറഞ്ഞിരുന്നത്. പാർട്ടിയിൽ ഒരു മാറ്റം വേണമെന്ന നിലപാട് ചില കേന്ദ്ര നേതാക്കൾക്കുണ്ട്. വിഷയം ചർച്ചയ്ക്കെടുത്തിട്ടുണ്ടെങ്കിൽ പിണറായി വിജയൻ തന്‍റെ അഭിപ്രായം പി ബിയിൽ വ്യക്തമാക്കിയിട്ടുണ്ടാകും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടും അറിയിച്ചിട്ടുണ്ടാകും. മുഖ്യമന്ത്രി എന്ന നിലയ്ക്കാണ് പിണറായിക്ക് ഇളവ് നൽകി കേന്ദ്ര കമ്മിറ്റിയിൽ നിലനിറുത്തിയത്. ഇപ്പോൾ പ്രതിപക്ഷ നേതാവായാൽ അടുത്ത പാർട്ടി കോൺഗ്രസ് വരെയെങ്കിലും പിണറായിക്ക് ആ സ്ഥാനത്ത് തുടരാം. ഇക്കാര്യത്തിലെ ആവർത്തിച്ചുള്ള ചോദ്യത്തിന് പിണറായി ദില്ലിയിൽ മറുപടി നൽകിയില്ല. പിണറായിയെ നേതാവാക്കി കെ എൻ ബാലഗോപാലിനെ ഉപനേതാവാക്കുക എന്ന നിർദ്ദേശമാണ് സി പി എമ്മിനകത്തുള്ളത്. പി ബിയോ​ഗത്തിൽ ഇക്കാര്യം ചർച്ചയായിട്ടുണ്ടെങ്കിൽ ബേബി കൂടി പങ്കെടുക്കുന്ന കേരളത്തിലെ യോഗങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും. അതിനിടെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി പി ഐ ആവശ്യപ്പെടുന്നത് സി പി എമ്മിന് പ്രതിസന്ധിയാകുകയാണ്. ദില്ലിയിൽ ചേർന്ന് ദേശീയ കൗൺസിൽ യോഗത്തിലെ ചർച്ചകൾക്ക് ശേഷം വിട്ടുവീഴ്ചയില്ലെന്നാണ് സി പി ഐ നേതൃത്വം അറിയിച്ചത്. എന്നാൽ മൂന്ന് ദിവസമായി സി പി ഐ നേതാക്കൾ പരസ്യമായി ആവശ്യപ്പെടുന്ന കാര്യം അറിഞ്ഞിട്ട് പോലുമില്ലെന്നാണ് എം എ ബേബി പ്രതികരിച്ചത്. ഉപനേതാവ് സ്ഥാനം ആവശ്യപ്പെടുന്ന സി പി ഐ നേതൃസ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കണം എന്ന സന്ദേശം നൽകുകയാണെന്നും വിലയിരുത്താം. പി ബി ഇക്കാര്യം ചർച്ച ചെയ്താലും അന്തിമ തീരുമാനം സംസ്ഥാനത്തെ ആലോചനയ്ക്ക് ശേഷമേ ഉണ്ടാകാനിടയുള്ളൂ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി ചർച്ചയിൽ സസ്പെൻസ്! കെ. മുരളീധരനും സുധാകരനും ഉൾപ്പെടെ മുതിർന്ന നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചു
പത്മജയെ വേദനിപ്പിക്കാൻ താൻ ഉദ്ദേശിക്കുന്നില്ല, പുസ്തകം മുഴുവൻ വായിക്കണം; പ്രതികരിച്ച് കെവി തോമസ്