
കൊച്ചി: നിയമവഴിയിലെ സമസ്ത മേഖലളിലും മുദ്രപതിപ്പിച്ച സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ളയാണ് ദിലീപിന്‍റെ വക്കാലത്ത് ഏറ്റെടുത്തത്. ആദ്യഘട്ടത്തില്‍ മറ്റൊരഭിഭാഷകനെ ഏല്‍പ്പിച്ച കേസ് രാമന്‍ പിള്ളക്ക് കൈമാറിയ ശേഷമാണ് 83 ദിവസത്തെ ജയില്‍വാസത്തിനൊടുവില്‍ ദിലീപിന് ജാമ്യം പോലും കിട്ടിയത്. ദിലീപിനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ രാമന്‍പിളള ഉയര്‍ത്തിയ വാദങ്ങള്‍ പലകുറി പ്രോസിക്യൂഷനുമായുളള ഏറ്റുമുട്ടലില്‍ കലാശിച്ചു.
മള്ളൂർ വക്കീലും പത്തായിരം രൂപയുമുണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാമെന്നും, കോടതിയിൽ മള്ളൂർ വാദിച്ചാൽ പുഷ്പം പോലെ ഇറങ്ങിവരാമെന്നുമുള്ള മള്ളൂർ ഗോവിന്ദപ്പിള്ളയെന്ന അഭിഭാഷക പ്രമാണിയുടെ കഥ കേരളത്തിന് സുപരിചിതമാണ്. കാലം മാറിയപ്പോള്‍ അത് അഡ്വ. ബി രാമന്‍ പിള്ളയായി. ഏത് കേസും ഏത് കോടതിയിലും രാമന്‍ പിള്ള വാദിച്ചാല്‍ പ്രതി പുഷ്പം പോലെ ഇറങ്ങിവരും. ദിലീപും നിയമവഴിയില്‍ ആശ്രയിച്ചത് ബി രാമന്‍ പിള്ളയെ തന്നെയാണ്. ആദ്യഘട്ടത്തില്‍ മറ്റൊരു അഭിഭാഷകനായിരുന്നു കേസേറ്റെടുത്തത്. ജാമ്യം ലഭിക്കാതെ തുടര്‍ച്ചയായി ജയിലില്‍ കഴിഞ്ഞതോടെ 2017 ഓഗസ്റ്റ് 4ന് ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ രാമന്‍ പിള്ള കോടതിയില്‍ ഹാജരായി. പിന്നാലെ ദിലീപ് ജയില്‍ മോചിതനായി. അന്ന് മുതല്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായി.
പ്രോസിക്യുഷന്‍ തെളിവുകള്‍ പൊളിക്കാനും പ്രതിഭാഗത്തിന്‍റെ വാദങ്ങള്‍ കോടതിയില്‍ ശക്തമായി അവതരിപ്പിക്കാനും രാമന്‍ പിള്ള നേരിട്ടു തന്നെ വിചാരണ വേളയിലുടനീളം ദിലീപിനുവേണ്ടി കോടതിയില്‍ ഹാജരായി. സാക്ഷിമൊഴികള്‍ പൊളിച്ചടുക്കാന്‍ ക്രോസ് വിസ്താരത്തില്‍ രാമന്‍ പിള്ളയുടെ കൂര്‍മ ബുദ്ധി പല തവണ പ്രയോഗിച്ചു. ദിലീപിനായി വിചാരണ കോടതി മുതല്‍ സുപ്രീംകോടതി ഹര്‍ജികളും തടസ ഹര്‍ജികളും രാമന്‍ പിള്ള അസോസിയേറ്റ്സ് നിരവധി തവണ ഫയല്‍ ചെയ്തു.
വിചാരണ മനപ്പൂര്‍വം നീട്ടിക്കൊണ്ടുപോകാനുള്ള ഇടപെടലുകളെന്ന വിമര്‍ശനവും രാമന്‍ പിള്ളക്കെതിരെ ഉയര്‍ന്നു. ഒടുവില്‍ കേസില്‍ തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിന് രാമന്‍ പിള്ള തന്നെ പ്രതിയാകുമെന്ന ഘട്ടം വരെയെത്തി കാര്യങ്ങള്‍. ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഫോണുകളിലെ തെളിവുകള്‍ രാമന്‍ പിള്ളയും കൂട്ടരും സായ് ശങ്കര്‍ എന്ന ഐടി വിദഗ്ധന്‍റെ സാന്നിധ്യത്തില്‍ നശിപ്പിച്ചെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ആരോപണം. രാമന്‍ പിള്ളയെ ചോദ്യം ചെയ്യുമെന്നുവരെ അഭ്യൂഹങ്ങള്‍ പരന്നു. ബാര്‍ കൗണ്‍സിലില്‍ നടി രാമന്‍ പിള്ളക്കെതിരെ പരാതി നല്‍കി. അഭിഭാഷകരില്‍ ഒരു വിഭാഗം രാമന്‍ പിള്ളയെ പിന്തുണച്ച് രംഗത്തുവന്നു. കടമ്പകളും വെല്ലുവിളികളും നിറഞ്ഞ കേസിലെ വിധി രാമന്‍ പിള്ളയുടെ അഭിഭാഷക ജീവിതത്തിലെ മറ്റൊരു നാഴിക കല്ല് കൂടിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam