ശബരിമലയിൽ ഉൾപ്പടെ ശ്രീധരൻ പിള്ളയ്ക്ക് അടി പതറി: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പി പി മുകുന്ദൻ

By Web TeamFirst Published Mar 21, 2019, 1:09 PM IST
Highlights

സ്ഥാനാർത്ഥി നിർണയത്തിൽ സംഘപരിവാറിന്‍റെ അഭിപ്രായം സ്വീകരിച്ചിരുന്നെങ്കിൽ ഇത്ര സങ്കീർണതകളില്ലാതെ അന്തിമ തീരുമാനത്തിലെത്താൻ കഴിയുമായിരുന്നുവെന്നും പി പി മുകുന്ദൻ പറഞ്ഞു.

കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻ പിള്ളയ്ക്കെതിരെയും സംസ്ഥാന നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനവുമായി ബിജെപിയിലെ മുതി‍ർന്ന നേതാവ് പിപി മുകുന്ദൻ. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻ പിള്ളയ്ക്ക് അടിപതറി. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച മൂലമാണ് ബിജെപി സ്ഥാനാർത്ഥി പട്ടിക വൈകുന്നതെന്നും പി പി മുകുന്ദൻ കുറ്റപ്പെടുത്തി.

സ്ഥാനാർത്ഥി നിർണയത്തിൽ സംഘപരിവാറിന്‍റെ അഭിപ്രായം സ്വീകരിച്ചിരുന്നെങ്കിൽ ഇത്ര സങ്കീർണതകളില്ലാതെ അന്തിമ തീരുമാനത്തിലെത്താൻ കഴിയുമായിരുന്നുവെന്നും പി പി മുകുന്ദൻ പറഞ്ഞു.

സംസ്ഥാന നേതൃത്വത്തിന് ദിശാബോധം നഷ്ടപ്പെട്ടിരിക്കുകയാണ്. പുതിയ നേതാക്കളെ സ്വീകരിക്കുമ്പോൾ പഴയ പ്രവർത്തകർക്കും നേതാക്കൾക്കും അവസരവും പ്രോത്സാഹനവും നൽകാൻ പാർട്ടി നേതൃത്വം തയ്യാറാകണം. തിരുവനന്തപുരത്ത് താൻ മത്സരിക്കില്ലെന്നും എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ പ്രചാരണത്തിനിറങ്ങുമെന്നും പിപി മുകുന്ദൻ പറഞ്ഞു.

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ തോൽപ്പിക്കാനായി ഇടത് മുന്നണി യുഡിഎഫിന് വോട്ട് ചെയ്യും. എൽഡിഎഫ് വോട്ട് മറിക്കുന്ന കാര്യം ബിജെപി നേതൃത്വം മുൻകൂട്ടി കാണാണമെന്നും പിപി മുകുന്ദൻ മുന്നറിയിപ്പ് നൽകി. അതേസമയം വടകരയിൽ കോ-ലീ-ബി സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന പരാജയ ഭീതിമൂലമുള്ള മുൻകൂർ ജാമ്യമാണെന്നും പി.പി മുകുന്ദൻ അഭിപ്രായപ്പെട്ടു  

click me!