
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി ചികിത്സതേടിയിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.അഭിഭാഷക ജോലിയിൽ നിന്നാണ് വക്കം പുരുഷോത്തമൻ രാഷ്ട്രീയത്തിലേക്കെത്തിയത്. മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്സഭാ അംഗം, രണ്ട് തവണ ഗവർണർ, അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കർ ആയിരുന്ന നേതാവാണ്. ധന മന്ത്രി,സ്പീക്കർ എന്നി പദവികളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചിട്ടുണ്ട്.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം. പഞ്ചായത്ത് അംഗമായി പാർലമെൻ്ററി ജീവിതം ആരംഭിച്ചു. ദീർഘകാലം ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലെത്തി. രണ്ടു തവണ ആലപ്പുഴയിൽ നിന്ന് ലോക്സഭയിലേക്കും മത്സരിച്ചു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
പൊലീസ് സംഘത്തിന് നേരെ ആക്രമം; യൂത്ത് കോണ്‍ഗ്രസ് നേതാവും പിതാവും അറസ്റ്റില്‍
വക്കം പുരുഷോത്തമൻ കേരളത്തിലെ ഏറ്റവും മികച്ച ഭരണകർത്താക്കളിൽ ഒരാളായിരുന്നു. കൃഷി, ആരോഗ്യം, ടൂറിസം, തൊഴിൽ, ധനകാര്യം എന്നീ വകുപ്പുകളിൽ വക്കം കയ്യൊപ്പു ചാർത്തി. അതേസമയം, വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. നിയമസഭാ സ്പീക്കര്‍മാര്‍ക്ക് എന്നും ഒരു വഴികാട്ടിയായിരുന്നു അദ്ദേഹമെന്ന് ഷംസീർ പറഞ്ഞു. ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തിയായിരുന്ന അദ്ദേഹത്തിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സ്പീക്കർ പറഞ്ഞു.
https://www.youtube.com/watch?v=tgBfa6MhcVw