"കോൺഗ്രസ് നാഥനില്ലാക്കളരിയല്ല" തരൂരിനെ തള്ളി മുല്ലപ്പള്ളി, ചെന്നിത്തല; മിണ്ടാതെ ഉമ്മൻ ചാണ്ടി

By Web TeamFirst Published Jul 29, 2019, 1:08 PM IST
Highlights

തരൂർ അങ്ങനെ ഒരിക്കലും പറയാൻ പാടില്ലായിരുന്നുവെന്ന് പറ‍ഞ്ഞ മുല്ലപ്പള്ളി തരൂർ ചരിത്രം പഠിക്കണമെന്ന് ആവശ്യപ്പെട്ടു. തരൂരിന്‍റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി

തിരുവനന്തപുരം: കോൺഗ്രസ് നാഥനില്ലാ കളരിയായെന്ന ശശിതരൂർ എംപിയുടെ പ്രസ്താവന തള്ളി മുതിർന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. എന്നാൽ പാർട്ടിക്ക് ഉടൻ അധ്യക്ഷൻ വേണമെന്ന നിലപാടിനോട് നേതാക്കൾ യോജിക്കുന്നു. 

നാഥനില്ലാ കളരിയാണ് കോണ്‍ഗ്രസ് എന്ന തരൂരിന്‍റെ നിലപാട് ആദ്യം തള്ളിയത് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി  വേണുഗോപാലാണ്. അധ്യക്ഷ സ്ഥാനത്ത് ഇല്ലെങ്കിലും രാഹുല്‍ഗാന്ധി ചുമതലകള്‍ നിര്‍വ്വഹിക്കുന്നുണ്ടെന്നാണ്  കെ സി വേണുഗോപാല്‍ പറയുന്നത്. 

നാഥനില്ലാ കളരിയെന്ന നിലപാടിനോട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വിയോജിച്ചു. തരൂർ അങ്ങനെ ഒരിക്കലും പറയാൻ പാടില്ലായിരുന്നുവെന്ന് പറ‍ഞ്ഞ മുല്ലപ്പള്ളി തരൂർ ചരിത്രം പഠിക്കണമെന്ന് ആവശ്യപ്പെട്ടു. കോൺഗ്രസിനെ പോലെ നേതൃസമ്പന്നമായ മറ്റൊരു പാർട്ടിയില്ലെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷൻ ഏത് പാർട്ടിക്കാൻ നാഥൻ ഉള്ളതെന്നും ചോദിച്ചു. 

തരൂരിന്‍റെ പ്രസ്താവന പൂര്‍ണ്ണമായും അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു,നാഥനില്ലാത്ത കളരിയൊന്നുല്ല കോൺഗ്രസ് എന്ന് പറഞ്ഞപ്പോഴും പുതിയ അധ്യക്ഷന്‍റെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.

ശശി തരൂരിന്‍റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി. 

അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാറി രണ്ട് മാസം കഴി‍ഞ്ഞിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല. അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന നേതാക്കളുടെ ആവശ്യം സോണിയാ ഗാന്ധിയും, പ്രിയങ്കയും ഇതിനോടകം തള്ളിയിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്കായി ഒരു വിഭാഗം വാദിക്കുമ്പോള്‍ യുവാക്കള്‍ വരണമെന്നാണ് തരൂരുള്‍പ്പടെയുള്ളവരുടെ നിലപാട്. പാര്‍ലമെന്‍റ് സമ്മേളനം കഴിയുന്നതോടെ അധ്യക്ഷനെ തീരുമാനിക്കാനുള്ള പ്രവ‌ർത്തക സമിതി ചേരുമെന്നാണ് സൂചന. അതേ സമയം അധ്യക്ഷ സ്ഥാനത്ത് ആരെത്തിയാലും പാര്‍ട്ടിയുടെ നിയന്ത്രണം നെഹ്റു കുടംബത്തില്‍  തന്നെയായിരിക്കും.

click me!