
തിരുവനന്തപുരം: വയറുവേദനയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിന്‍റെ സ്‌കാൻ റിപ്പോർട്ടിൽ ഗുരുതരപിഴവ് കണ്ടെത്തിയ സംഭവം സുപ്രണ്ടും പൊലീസും അന്വേഷിക്കും. കഴക്കൂട്ടം നെഹ്റു ജങ്ഷൻ സ്വദേശി ഷിഹാസിന്‍റെ (24) പരിശോധനാവിവരങ്ങളിലാണ് സ്ത്രീയുടെ ഗർഭപാത്രത്തിന്‍റെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിലെ ഗുരുതര വീഴ്ച്ച ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പൊലീസിനും ഷിഹാസ് പരാതി നൽകിയിരുന്നു. ഇതിലാണ് അന്വേഷിക്കാൻ തീരുമാനം. മെഡിക്കൽ കോളേജ് സൂപ്രണ്ട് വിഷയം അന്വേഷിക്കാൻ നിർദേശം നൽകി. ഒപ്പം പരാതിക്കാരന്‍റെ മൊഴിയെടുക്കാൻ പൊലീസും നടപടി ആരംഭിച്ചു. പരിശോധനയ്ക്ക് ശേഷം നൽകിയ ഫലം മാറിയെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ പ്രിന്‍റിങ് തകരാർ ആണെന്നാണ് ജീവനക്കാരുടെ നിലപാട്.
ഫെബ്രുവരി 15-നാണ് വയറുവേദനയെത്തുടർന്ന് ഷിഹാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. വൃക്കയിൽ കല്ലാണെന്നുള്ള സംശയത്തെത്തുടർന്നാണ് സ്‌കാനിങ്ങിന് നിർദേശിച്ചത്. ആശുപത്രിയിലെ പുതിയ സ്‌കാനിങ് സെന്‍ററിലാണ് ഏപ്രിൽ 16ന് പരിശോധന നടത്തിയത്. റിപ്പോർട്ട് വൈകുമെന്ന് അറിയിച്ചതിനാൽ ഷിഹാസ് ഏതാനും ദിവസം മുമ്പാണ് റിപ്പോർട്ട് വാങ്ങാനെത്തിയത്. പിന്നീട് ഈ റിപ്പോർട്ടുമായി ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിൽ ഡോക്ടറെ കാണാൻ എത്തിയപ്പോഴാണ് മാറിയത് അറിയുന്നത്. തിരിച്ച് മെഡിക്കൽ കോളേജിൽ എത്തി ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ലാബിലെ ജീവനക്കാർ റിപ്പോർട്ട് വാങ്ങി ചുരുട്ടിക്കളഞ്ഞതായും ഇതിൽ പ്രതിഷേധിച്ചതോടെയാണ് പുതിയ പ്രിന്‍റ് എഡിറ്റ് ചെയ്ത് നൽകിയതെന്നും ഇദ്ദേഹം പറയുന്നു. ഗർഭപാത്രത്തിന്‍റെ വിവരങ്ങൾ മാത്രം ഒഴിവാക്കി പഴയ റിപ്പോർട്ട് തന്നെയാണ് നൽകിയതെന്നാണ് പരാതിക്കാരന്‍റെ ആരോപണം. പിന്നാലെയാണ് പരാതി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam