നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ച; കാസർകോട്ട് മൂന്നാംഘട്ടത്തിൽ കൊവിഡ് രോഗികളിൽ വൻ വർധന

By Web TeamFirst Published Aug 2, 2020, 7:42 AM IST
Highlights

മൂന്നാംഘട്ടത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായത് വൻ വർധന. 1618 പേർക്കാണ് മൂന്നാംഘട്ടത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. 

കാസർകോട്: മൂന്നാംഘട്ടത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായത് വൻ വർധന. 1618 പേർക്കാണ് മൂന്നാംഘട്ടത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കരോഗികളുടേയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണത്തിലെ വർധനക്കൊപ്പം മരണനിരക്ക് കൂടുന്നതും ജില്ലയിൽ ആശങ്ക വർധിപ്പിക്കുകയാണ്.

കഴിഞ്ഞ മെയ് പത്തിന് ഒരു രോഗിപോലും ചികിത്സയിലയില്ലാത്ത ജില്ലയായിരുന്നു കാസർകോട്. ആദ്യ രണ്ട് ഘട്ടങ്ങളിൽ ഉണ്ടായിരുന്ന 178 രോഗികളും അതിനകം രോഗമുക്തി നേടി. എന്നാൽ മൂന്നാംഘട്ടത്തിൽ ജില്ലയുടെ ചിത്രം മാറി. 1618 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതലും സമ്പർക്കത്തിലൂടെയുള്ള രോഗബാധ. 

കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ ഒമ്പത് കൊവിഡ് മരണം. പ്രതിദിന രോഗബാധിതരുടെ എണ്ണം നൂറ് കടന്നു. കുമ്പള, ചെങ്കള, ചെമ്മനാട്, മഞ്ചേശ്വരം, മധൂർ പഞ്ചായത്തുകൾ, കാസർകോട് നഗരസഭ എന്നിവിടങ്ങളിലാണ് രോഗബാധിതരിൽ ഭൂരിപക്ഷവും. ഏറ്റവും ഉയർന്ന പ്രതിദിന വർധന രേഖപ്പെടുത്തിയ ഇന്നലെ രോഗം സ്ഥിരീകരിച്ച 153ൽ 151 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 

കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ ഗുരുതരെ വീഴ്ച വരുത്തുന്നതു കൊണ്ടാണ് ഈ വർധനയെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. 20 പേരിൽ കൂടുതൽ പാടില്ലെന്ന മാനദണ്ഡം ലംഘിച്ച് മൂന്നിടത്തായി നടന്ന കല്യാണ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത 149 പേർക്കാണ് ഇതിനകം കൊവിഡ് ബാധിച്ചത്. 

മഞ്ചേശ്വരത്ത് കല്യാണത്തിൽ പങ്കെടുത്ത അഞ്ച് പേർക്ക് രോഗം ബാധിച്ചതാണ് ഒടുവിലത്തേത്. കാസർകോട് നഗരസഭ ഉൾപ്പെടെ ആറ് പൊലീസ് സ്റ്റേഷൻ പരിധികളിൽ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. ഇന്നലെ പതിനേഴ് പുതിയ ഹോട്സ്പോട്ടുകൾ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. നിലവിലെ സാഹചര്യത്തൽ പരിശോധന വർധിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

click me!