വിരലറ്റുപോയ കുട്ടി ശസ്ത്രക്രിയക്ക് കാത്തുനിന്നത് 36 മണിക്കൂര്‍;ഗുരുതര വീഴ്ചയില്‍ നടപടിയെന്ന് ആരോഗ്യമന്ത്രി

Published : May 29, 2022, 05:17 PM ISTUpdated : May 29, 2022, 05:39 PM IST
വിരലറ്റുപോയ കുട്ടി  ശസ്ത്രക്രിയക്ക് കാത്തുനിന്നത് 36 മണിക്കൂര്‍;ഗുരുതര വീഴ്ചയില്‍ നടപടിയെന്ന് ആരോഗ്യമന്ത്രി

Synopsis

കടുത്ത അനാസ്ഥ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.ശസ്ത്രക്രിയക്കായി ഒന്നരദിവസത്തോളം ഭക്ഷണം പോലും കഴിക്കാതെ കാത്തിരുന്ന കുട്ടി വേദന കൊണ്ട് പുളഞ്ഞു.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം :ആരോഗ്യമേഖലയിലെ കേരളത്തിന്‍റെ നേട്ടത്തെക്കുറിച്ച് വാ തോരാതെ ആവേശം കൊള്ളുന്നവര്‍ ഈ പിഞ്ചുകുട്ടിയുടെ ദുരവസ്ഥ അറിയണം.  അറ്റുപോയ വിരലുകളുമായി അസം സ്വദേശികളുടെ മകള്‍ക്ക്  മുപ്പത് മണിക്കൂറിലേറെയാണ് ശസ്ത്രക്രിയ കാത്ത് ഭക്ഷണം കഴിക്കാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാത്തിരിക്കേണ്ടി വന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. കരമന സത്യനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ പിഞ്ചുമകള്‍ വീട്ടില്‍ കളിയ്ക്കുകയായിരുന്നു. അതിനിടെ ഇടതുകൈയ്യുടെ മൂന്ന് വിരലുകള്‍ കട്ടിളയുടെയും വാതിലിന്‍റെയും ഇടയില്‍ കുടുങ്ങി ചതഞ്ഞുപോയി. അപ്പോള്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ജനറല്‍ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ എത്രയും പെട്ടെന്ന് ആവശ്യമാണെന്നും ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തണമെന്നും ജനറല്‍ ആശുപത്രിയില്‍ നിന്ന് നിര്‍ദേശിച്ചു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും ശസ്ത്രക്രിയ ചെയ്തില്ല.

ശസ്ത്രക്രിയ ചെയ്യാത്തതിനാല്‍ ഭക്ഷണവും കുട്ടി കഴിച്ചില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പരിക്ക് പറ്റിയ കുട്ടിയുടെ ശസ്ത്രക്രിയ നടന്നത് മുപ്പത് മണിക്കൂറുകള്‍ കഴിഞ്ഞ്. വാര്‍ഡ് കൗണ്‍സിലറും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും ഇടപെട്ടതിനെത്തുടര്‍ന്നാണ് ആ സമയത്തെങ്കിലും ശസ്ത്രക്രിയ നടന്നത്. സംഭവിച്ചത് ഗുരുതരമായ തെറ്റാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കമെന്നും ആരോഗ്യമന്ത്രി  പറ‍ഞ്ഞു. സംഭവത്തെക്കുറിച്ച് മന്ത്രിയുടെ നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

 

മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാര്‍ക്ക് ഐഡന്‍റിറ്റി കാര്‍ഡ് നിര്‍ബന്ധം;പരിശോധന കര്‍ശനമാക്കും

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്‍റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (Veena George). ജീവനക്കാരും മെഡിക്കല്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ഐഡന്‍റിറ്റി കാര്‍ഡ് ധരിച്ചിരിക്കണം. സുരക്ഷാ ജീവനക്കാര്‍ ഐഡന്‍റിറ്റി കാര്‍ഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണം. ഉത്തരവാദപ്പെട്ടവര്‍ ഇത് നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. പൊതുജനങ്ങളും ജീവനക്കാരും ഇതുമായി സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തിലാണ് മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇനിയാവര്‍ത്തിക്കാതിരിക്കാനാണ് കര്‍ശന നടപടി സ്വീകരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ പ്രതിദിനം വന്ന് പോകുന്ന സ്ഥലമാണ് മെഡിക്കല്‍ കോളേജുകള്‍. രോഗികള്‍ക്കോ ജീവനക്കാര്‍ക്കോ എന്തെങ്കിലും സംശയം തോന്നുന്നുവെങ്കില്‍ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ കൂട്ടിരിപ്പുകാരായി ഒരേ സമയം ഒരാളെ മാത്രമേ അനുവദിക്കുകയുള്ളു. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ മറ്റൊരാള്‍ക്കുകൂടി പാസ് അനുവദിക്കുകയുള്ളു. 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം