
കൊച്ചി : മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. നരഹത്യ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്. സെഷൻ കോടതിയുത്തരവ് ഹൈക്കോടതി ഭാഗീകമായി റദ്ദാക്കി. പ്രഥമദൃഷ്ട്യാ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. വാഹനമോടിച്ചത് മദ്യപിച്ചതിന് ശേഷമാണെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കോടതി വിധിയിൽ പരാമർശിച്ചു.
അതേ സമയം രണ്ടാം പ്രതി വഫയെ കേസിൽ നിന്നും ഒഴിവാക്കി. വഫയുടെ ഹർജി അംഗീകരിച്ചാണ് നടപടി. ഇവർക്കെതിരെ പ്രേരണാകുറ്റമായിരുന്നു നേരത്തെ പൊലീസ് ചുമത്തിയിരുന്നത്. ഇത് നിലനിൽക്കില്ലെന്നും വിചാരണഘട്ടത്തിലേക്ക് പോകേണ്ടതില്ലെന്നും ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.
ശ്രീറാം വെങ്കിട്ടരാമിനെതിരെ പൊലീസ് ചുമത്തിയ നരഹത്യാക്കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. IPC 304, 201 കുറ്റങ്ങൾ പ്രകാരം ശ്രീറാമിനെ വിചാരണ ചെയ്യാമെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. നരഹത്യാക്കുറ്റം ചുമത്തിയ മുന്നൂറ്റിനാലാം വകുപ്പിലെ രണ്ടാം ഖണ്ഡിക ശ്രീറാമിനെതിരെ നിലനിൽക്കുമെന്ന് ഉത്തരവിലുണ്ട്.
മനപൂർവമായി കൊല്ലണമെന്ന ഉദ്ദേശമില്ലെങ്കിലും തന്‍റെ കുറ്റകരമായ പ്രവർത്തി വഴി ഒരാൾ കൊല്ലപ്പെടാമെന്ന ബോധ്യം പ്രതിക്കുണ്ടായിരുന്നുവെന്നാണ് ഇതിലുളളത്. അമിത വേഗത്തിൽ വാഹനമോടിച്ച ശ്രീറാമിനെതിരെ ഈ നരഹത്യാക്കറ്റം ചുമത്താവുന്നതാണ്. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റവും വിചാരണ ചെയ്യപ്പെടേണ്ടതാണ്. എന്നാൽ മെഡിക്കൽ റിപ്പോർട്ടിന്‍റെ അഭാവത്തിൽ മദൃപിച്ച് വാഹനമോടിച്ചുവെന്ന കുറ്റം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. പൊതുമുതൽ നശിപ്പിച്ചുവെന്നതും സ്ഥാപിക്കാനായിട്ടില്ല. പ്രഥമദൃഷ്ട്യാ തന്നെ ശ്രീറാമിന്‍റെ വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്.
ബിബിസിക്കെതിരെ നടപടിയുമായി കേന്ദ്രം; ഫെമ നിയമം ലംഘിച്ചതിന് ഇഡി കേസെടുത്തു
രണ്ടാം പ്രതി വഫാ ഫിറോസിനെതിരായ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് അവരെ ഈ കേസിൽ നിന്ന് ഒഴിവാക്കിയത്. അപകടമുണ്ടാക്കിയ വാഹനത്തിൽ ഒരുമിച്ച് യാത്ര ചെയ്തുവെന്നതിനപ്പുറം അമിത വേഗത്തിൽ വാഹനമോടിക്കാൻ പ്രേരിപ്പിച്ചുവെന്നതിന് തെളിവില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. വിധിയിൽ സന്തോഷമെന്നും വിചാരണക്കോടതിയിൽ കുറ്റം തെളിയുമെന്നാണ് പ്രതീക്ഷയെന്നും കൊല്ലപ്പെട്ട കെ എം ബഷീറിന്‍റെ കുടുംബം പ്രതികരിച്ചു.