
തൃശ്ശൂര്‍: പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജിലെ ഏഴു വിദ്യാര്‍ത്ഥികളെ സസ്പെന്‍റ് ചെയ്തു. പുതിയ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ എത്തിയപ്പോള്‍ ജിഷ്ണു പ്രണോയിയുടെ ചിത്രമുളള ആശംസാ കാര്‍ഡും മിഠായിയും വിതരണം ചെയ്തതിനാണ് സസ്പെൻഷൻ എന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. എന്നാല്‍ ക്ലാസില്‍ അതിക്രമിച്ച് കയറി ബഹളം വെച്ചതിനാണ് വിദ്യാര്‍ത്ഥികളെ സസ്പെന്‍റ് ചെയ്തതെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് നെഹ്രു എഞ്ചിനീയറിഗ് കോളേജില്‍ പുതിയ ബാച്ചിലെ വിദ്യാര്‍ത്ഥികളെത്തിയത്. ഇവരെ സ്വീകരിക്കാനായി എസ്എഫ്ഐ തയ്യാറാക്കിയതാണ് ജിഷ്ണു പ്രണോയിയുടെ ചിത്രമുളള ആശംസ കാര്‍ഡ്. ഉച്ചഭക്ഷണത്തിനായുളള ഇടവേളയിലാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള കാര്‍ഡ് വിതരണം ചെയ്തത്. പത്തു പേരാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഡ് വിതരണം ചെയ്തത്. ഇതില്‍ ഏഴ് പേരെയാണ് സസ്പെന്‍റ് ചെയ്തത്.
കാര്‍ഡില്‍ ജിഷ്ണു പ്രണോയിയുടെ ചിത്രമുളളതാണ് മാനേജ്മെന്‍റിനെ പ്രകോപിപ്പിച്ചതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. എന്നാല്‍,വിദ്യാര്‍ത്ഥികള്‍ ക്ലാസിലേക്ക് അതിക്രമിച്ച് കയറിയാണ് കാര്‍ഡ് വിതരണം ചെയ്തതെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം. ബഹളം വെച്ച് ക്ലാസ് തടസ്സപ്പെടുത്തിയത് ന്യായീകരിക്കാനാകില്ലെന്നും മാനേജ്മെൻറ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മാനേജ്മെൻറ് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി സ്വീകരിക്കുക. മാനേജ്മെന്‍റിന്‍റെ നടപടിക്കെതിരെ വരുദിവസങ്ങളില്‍ പ്രതിഷേധവുമായി മുമ്പോട്ടുപോകാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam