
കൊച്ചി: കൊച്ചി മാടവനയിൽ ദേശീയപാതയിൽ അന്തർസംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് തെന്നിമറിഞ്ഞ് മുകളിലേക്ക് വീണാണ് ബൈക്ക് യാത്രക്കാരനായ ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യൻ മരിച്ചത്. സിഗ്നലിൽ പെട്ടെന്ന് ബ്രേക്കിട്ടതാണ് ബസ് മറിയാൻ കാരണമെന്നാണ് കരുതുന്നത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്.
മാടവന സിഗ്നനലിൽ എത്തിയപ്പോൾ പെട്ടെന്ന് ബ്രേക്കിട്ടതോടെ തെന്നി മറിയുകയായിരുന്നു. സിഗ്നൽ ജംങ്ഷനിൽ മറുവശത്തേക്ക് പോകാൻ ബൈക്കിൽ കാത്തുനിന്നിരുന്ന ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യന്‍റെ മുകളിലേക്കാണ് ബസ് വന്നുവീണത്. ബസിലുണ്ടായിരുന്ന 32 യാത്രക്കാരും ഒരു വശത്തേക്ക് വീണു. ഓടിയെത്തിയ നാട്ടുകാരാണ് യാത്രക്കാരെ പുറത്തെടുത്തത്. പൊലീസ് ഫയർ ഫോഴ്സും എത്തിയാണ് ബസിനിടയിൽ കുടുങ്ങിക്കിടന്ന ജിജോ സെബാസ്റ്റ്യനെ പുറത്തെടുത്തത്.
ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 12പേരുടെ നില ഗുരുതരമല്ല. അപകടത്തിൽപ്പെട്ട ബസ് നീക്കി ഒരു മണിക്കൂറിനുശേഷം ദേശീയ പാതയിലെ വാഹന ഗതാഗതം പുനസ്ഥാപിച്ചു. കൊല്ലം സ്വദേശി അഞ്ജലി, ആലപ്പുഴ സ്വദേശി ഏലിയാസ്, കൊല്ലം സ്വദേശികളായ ലിസ, അശ്വിൻ, അങ്കിത, കണ്ണണൂര്‍ സ്വദേശി ആര്യ, ആലപ്പുഴ സ്വദേശി അനന്ദു, ഇതര സംസ്ഥാനത്തുനിന്നുള്ള രവികുമാര്‍, മാവേലിക്കര സ്വദേശി ശോഭ, ആലപ്പുഴ സ്വദേശി ചന്ദ്രൻ പിള്ള, ചന്ദ്രൻ പിള്ളിയുടെ മകള്‍ ആതിര എന്നിവര്‍ക്കാണ് പരിക്കേറ്റത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam