ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും രൂക്ഷമായ കടലാക്രമണം, കള്ളക്കടൽ പ്രതിഭാസത്തിൽ തീരദേശ റോഡുകൾ മണ്ണിനടിയിലായി; ഗതാഗതം സ്തംഭിച്ചു

Published : Sep 27, 2026, 09:34 PM IST
severe sea attack hits arattupuzha and thrikkunnapuzha coastal roads buried in sand

Synopsis

ശക്തമായ കടലാക്രമണത്തിൽ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ ജനജീവിതം ദുരിതപൂർണമായി.

ഹരിപ്പാട്: ശക്തമായ കടലാക്രമണത്തിൽ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ ജനജീവിതം ദുരിതപൂർണമായി. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ഞായറാഴ്ച പുലർച്ചെ ആരംഭിച്ച കടലാക്രമണത്തിൽ തീരദേശ റോഡുകൾ പൂർണമായും തകർന്നും പലയിടത്തും ഗതാഗതം തടസ്സപ്പെട്ടും വൻ നാശനഷ്ടമാണുണ്ടായത്. കഴിഞ്ഞ 13-നും സമാനമായ കടലാക്രമണം ഇവിടെയുണ്ടായിരുന്നു. കടൽഭിത്തി ദുർബലമായ പ്രദേശങ്ങളിലാണ് ദുരിതം ഏറെ രൂക്ഷമായത്. വലിയഴീക്കൽ തൃക്കുന്നപ്പുഴ തീരദേശ റോഡ് പലയിടത്തും മണ്ണിനടിയിലായതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും താറുമാറായി. പെരുമ്പള്ളി ജങ്ഷന് വടക്കുഭാഗത്ത് മണ്ണടിഞ്ഞത് ഇരുചക്രവാഹന യാത്രക്കാരെപ്പോലും വലച്ചു. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ അമൃതപുരിയിലേക്ക് പോയ നിരവധി വാഹനങ്ങൾ ഇവിടെ മണ്ണിൽ താഴ്ന്ന് കുടുങ്ങി.

മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിനൊടുവിൽ പഞ്ചായത്ത് അധികൃതർ ഇടപെട്ട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്. ഇവിടെ തിരമാലകളെ പ്രതിരോധിക്കാൻ സംവിധാനങ്ങളില്ലാത്തതിനാൽ കടലൊന്ന് ഇളകിയാൽത്തന്നെ ഗതാഗതം മുടങ്ങുന്ന സ്ഥിതിയാണ്. ആറാട്ടുപുഴ എ സി പള്ളി ജങ്ഷൻ മുതൽ കാർത്തിക ജങ്ഷൻ വരെ പലയിടത്തും റോഡ് മണ്ണിനടിയിലായി. കാർത്തിക ജങ്ഷനിൽ വലിയ തോതിൽ തിരമാലകൾ അടിച്ചുകയറി റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും ഗതാഗതത്തെ സാരമായി ബാധിച്ചു. കടലാക്രമണത്തെത്തുടർന്ന് എ സി പള്ളി ഭാഗത്ത് മഅദിൻ കാമ്പസിന്റെ നേതൃത്വത്തിൽ നടക്കുന്ന സ്വലാത്ത് മജ്ലിസിന്‍റെ ഉദ്ഘാടന വേദി പൊളിച്ചുമാറ്റി മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചു.

വട്ടച്ചാൽ വലിയഴീക്കൽ അഴീക്കോട് നഗർ, കള്ളിക്കാട് ശിവജി നഗർ, മീശമുക്ക്, എ കെ ജി നഗറിന് തെക്കുഭാഗം പത്തിശേരിൽ ജങ്ഷൻ, മംഗലം എന്നിവിടങ്ങളിലും കടലാക്രമണം ദുരിതം വിതച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ 12, 13 വാർഡുകളായ ചേലക്കാട് കാട്ടാശേരി ഭാഗം, കിഴക്കത്തുശ്ശേരി എന്നിവിടങ്ങളിലും ജനജീവിതം ദുസ്സഹമായി. ഭാഗികമായി തകർന്നുകിടക്കുന്ന മതുക്കൽ ചേലക്കാട് തീരദേശ റോഡ് പൂർണമായും മണ്ണിനടിയിലായതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. തീരദേശ റോഡ് കവിഞ്ഞ് കടൽവെള്ളം കിഴക്കോട്ട് ഒഴുകിയത് തീരത്തുനിന്ന് അകലെ താമസിക്കുന്നവർക്കും പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. റോഡിന് പടിഞ്ഞാറുഭാഗത്തും വീട്ടുപറമ്പുകളിലും വെള്ളം കെട്ടിനിൽക്കുകയാണ്. കടലാക്രമണ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ തീരസംരക്ഷണത്തിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അമ്മയുടെ മുഖത്തും ദേഹത്തും ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ചു, മകൾക്കും ചെറുമകൾക്കുമെതിരെ കേസ്
കാൽനട യാത്രക്കാരിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ചു, പ്രതിയെ പിന്തുടർന്ന് പിടികൂടി പൊലീസ്