
എറണാകുളം: രഞ്ജിത്തിന് എതിരായ ലൈംഗികാതിക്രമ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി. ചുമത്തപ്പെട്ട കുറ്റങ്ങളുമായി പ്രതിയെ ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രഥമദൃഷ്യാ പ്രകടമാണ്. പരാതിയുടെ വസ്‌തുതയിലേക്ക് തത്കാലം കോടതി കടക്കുന്നില്ല. ആരോഗ്യസ്ഥിതി, ചുമത്തിയ കുറ്റങ്ങളിൽ 5 വർഷത്തിൽ താഴെയാണ് ശിക്ഷാ കാലാവധി തുടങ്ങിയവ പരിഗണിച്ചാണ് ജാമ്യം നൽകിയത്. ആരോഗ്യസ്ഥിതിയും പ്രായവും,സാമൂഹ്യ ബന്ധവും കണക്കിലെടുക്കുമ്പോൾ പ്രതി ഒളിവിൽ പോകാനുള്ള സാധ്യത കുറവാണെന്നും കോടതി പറഞ്ഞു. അതേസമയം ജാമ്യം നൽകിയാൽ പ്രതി സാക്ഷിയെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ്റെ ആശങ്ക ഗൗരവമായി കാണുന്നു. അതിനാൽ കർശന ഉപാധികൾ വച്ച് ജാമ്യം അനുവദിക്കുന്നുവെന്നും കോടതി. ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി പറഞ്ഞു.
അതേസമയം ലൈംഗികാതിക്രമ കേസിൽ ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ സംവിധായകൻ രഞ്ജിത്ത് ജയിൽ മോചിതനായി. 10 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് എറണാകുളം ഫസ്റ്റ് ക്സാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രഞ്ജിത്തിൻ്റെ ആരോഗ്യ നില പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചു.
സബ് ജയിലിന് പുറത്തേക്കിറങ്ങിയ രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിക്കാതെ കാറിൽ കയറി. യുവനടിയുടെ അഭിനയം പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്തതിനാൽ താൻ വിമർശിക്കുകയും ചില സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സെറ്റിൽ എല്ലാവരും അറിഞ്ഞു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നാണ് രഞ്ജിത്തിന്‍റെ വാദം. എന്നാൽ, രഞ്ജിത്തിനെതിരെ കൃത്യമായ തെളിവുകൾ ശേഖരിച്ചുവെന്നാണ് പ്രേസിക്യൂഷന്‍റെ അവകാശവാദം. രഞ്ജിത്തിന്‍റെ സിനിമയിൽ നിന്നുള്ളവരാണ് പ്രധാന സാക്ഷികൾ എന്നതിനാൽ ഇവരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചില്ല. താൻ സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയിൽ പ്രവേശിക്കില്ലെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചു. കുറ്റം സമ്മതിച്ചില്ല എന്ന് കരുതി അന്വേഷണത്തോട് സഹകരിച്ചില്ല എന്ന് പറയാനാകില്ല. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകാം. ഫോർട്ട് കൊച്ചിയിലെ സിനിമ സെറ്റിൽ വച്ച് യുവനടിയോട് ലൈംഗിക് അതിക്രമം കാട്ടിയെന്ന പാരാതിയിൽ ഏപ്രിൽ ഒന്നിനാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. തലന്ന് രാത്രി തൊടുപുഴയിൽ വച്ച് രഞ്ജിത്ത് സഞ്ചരിച്ച കാർ തടഞ്ഞു നിർത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam