
കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ രാത്രിയാണ് രഞ്ജിത്തിൻ്റെ അറസ്റ്റ് ഉണ്ടായത്. കസ്റ്റഡിയിലെടുത്ത രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
യുവനടിയുടെ പീഡന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷക്കുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് സംവിധായകൻ രഞ്ജിത്തിനെതിരെ പൊലീസിൻ്റെ നിർണായകനീക്കം ഉണ്ടായത്. പീഡന പരാതിയിൽ പൊലീസ് നടപടിയെ പറ്റി കഴിഞ്ഞ ദിവസങ്ങളിൽ രഞ്ജിത്തിന് വിവരം ലഭിച്ചിരുന്നു. പൊലീസിൻ്റെ നടപടി വേഗത്തിൽ ആയതോടെ രഞ്ജിത്തിനോട് അഭിഭാഷകർ ഒളിവിൽ പോകാൻ നിർദേശം നൽകി. തുടർന്നാണ് സ്വന്തം വാഹനം ഉപേക്ഷിച്ചു സഹപ്രവർത്തകനൊപ്പം മറ്റൊരു വാഹനത്തിൽ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്. ഇത് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്നായിരുന്നു അറസ്റ്റ് ചെയ്തുകൊണ്ടുള്ള പൊലീസ് നീക്കം.
അതേസമയം, സംഭവം നടന്ന ദിവസം ഷൂട്ടിംഗ് സെറ്റിലുള്ളവർ വിവരം അറിഞ്ഞതായി പൊലീസ് കണ്ടെത്തി. യുവനടി ആയതിനാൽ പരാതിയുമായി മുന്നോട്ട് പോകില്ലെന്ന് കണക്ക് കൂട്ടി. പരാതി ലഭിച്ച ശേഷവും പൊലീസ് എല്ലാ വശങ്ങളും പരിശോധിച്ചു. പറഞ്ഞ റോൾ നൽകാത്തതിൻ്റെ പ്രശ്നങ്ങൾ രഞ്ജിത്തും നടിയും തമ്മിൽ ഉണ്ടോ എന്ന് പരിശോധിച്ചു. സിനിമയിൽ പ്രധാന സ്ത്രീ കഥാപാത്രം തന്നെ ആയിരുന്നു നടിക്ക് നൽകിയത്. സിനിമയിൽ നടിയുടെ റോളും ഏകദേശം ഷൂട്ടിംഗ് പൂർത്തിയായിരുന്നു. അതിനാൽ വ്യാജ ആരോപണത്തിനുള്ള സാധ്യത പൊലീസ് പരിശോധിച്ച ശേഷം തള്ളുകയായിരുന്നു. തുടർന്നാണ് പഴുതടച്ചു അറസ്റ്റിലേക്ക് നീങ്ങിയത്.
സംവിധായകൻ രഞ്ജിത്തിനെതിരെ ഉയരുന്നത് മൂന്നാമത്തെ പീഡന കേസ്. നേരത്തെ സമാനമായ രണ്ടു കേസുകൾ രഞ്ജിത്തിനെതിരെ ഉയർന്നിരുന്നു. രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും ബംഗാളി നടി 2024 ൽ വെളിപ്പെടുത്തിയിരുന്നു. 2009-ൽ 'പാലേരി മാണിക്യം' സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു സംഭവം എന്നായിരുന്നു ആരോപണം.
ഈ കേസിൽ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ നൽകി. എന്നാൽ കേസ് കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. 2009ൽ നടന്ന സംഭവത്തിൽ കേസെടുക്കുന്നതിന് മജിസ്ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി. 2012 ൽ ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് സംവിധായകൻ രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നൽകിയിരുന്നു.'ബാവുട്ടിയുടെ നാമത്തിൽ' സിനിമയുടെ ലൊക്കേഷനിൽ വെച്ച് പരിചയപ്പെട്ട ശേഷം ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും നഗ്നചിത്രങ്ങൾ എടുത്തെന്നും യുവാവ് മൊഴി നൽകി. ഈ ആരോപണത്തിൽ രഞ്ജിത്തിനെതിരെ എറണാകുളം നോർത്ത് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പരാതി നൽകിയതിൽ ഉണ്ടായ 12 വർഷത്തെ കാലതാമസം ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതി 2025 ജൂലൈയിൽ ഈ കേസ് റദ്ദാക്കുകയായിരുന്നു. ഈ രണ്ടു കേസിന് പിന്നാലെയാണ് മൂന്നാമതൊരു കേസ് കൂടി രഞ്ജിത്തിനെതിരെ എത്തുന്നത്. കാരവാനിൽ വെച്ച് ലൈംഗിക അതിക്രമം നേരിട്ടെന്നാണ് നടിയുടെ പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam