'സർക്കാർ അതിജീവിതക്കൊപ്പം, ഏത് ഉന്നതനായാലും നടപടി'; ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ തള്ളി മന്ത്രി സജി ചെറിയാൻ

Published : Apr 01, 2026, 09:06 AM IST
Ranjith saji cherian

Synopsis

സംവിധായകൻ രഞ്ജിത്തിനെ തള്ളി മന്ത്രി സജി ചെറിയാൻ. സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും ഇത്തരം പരാതികൾ ആവർത്തിക്കുന്നത് ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.  

ആലപ്പുഴ: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ തള്ളി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമെന്ന് മന്ത്രി വ്യക്തമാക്കി. സിനിമയിലെ സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് രഞ്ജിത്തിന് ഉയര്‍ന്ന പദവി നല്‍കിയത്. ഇത്തരം പരാതികള്‍ ആവര്‍ത്തിക്കുന്നത് ഗൗരവമുള്ള കാര്യമാണെന്നും സജി ചെറിയാൻ പ്രതികരിച്ചു. ദുരനുഭവം ഉണ്ടായവര്‍ മുന്നോട്ട് വരാന്‍ തയ്യാറാകണമെന്നും ഏത് ഉന്നതനായാലും സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രഞ്ജിത്തിനെതിരായ പരാതി ഗൗരവതരമെന്ന് സജി ചെറിയാൻ പറഞ്ഞു. രഞ്ജിത്തിന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അംഗീകരിക്കാനാകില്ല. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമനിർമാണം നടത്തുമെന്നും മന്ത്രി അറിയിച്ചു. ഏതെങ്കിലും സ്ഥലത്തേക്ക് ഒരാളെ എടുക്കുമ്പോൾ അയാളുടെ ആ രംഗത്തെ കഴിവാണ് നോക്കുന്നത്. സിനിമാരംഗത്ത് ശ്രദ്ധേയമായി പ്രവർത്തിച്ചിട്ടുള്ള ആളാണ് എന്ന് കരുതിയാണ് രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി അത്തരം സ്ഥാനം കൊടുത്തത്. വീണ്ടും അത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഗൗരവതരമാണ്. അയാൾ തെറ്റ് ചെയ്തത് ആ സ്ഥാപനത്തിൻ്റെ ചുമലിലേക്ക് വയ്ക്കേണ്ട. ആക്ഷേപം വന്നപ്പോൾ തന്നെ കൃത്യമായ നിലപാടെടുത്തു. തുടർച്ചയായി ഇത്തരം സംഭവമുണ്ടാകുന്നത് മ്ലേച്ഛകരമാണെന്നും മന്ത്രി വിമർശിച്ചു.

സിനിമാ കോണ്‍ക്ലേവിന് ശേഷം ഇത്തരം അതിക്രമങ്ങൾ കുറഞ്ഞിരുന്നു. ഇപ്പോൾ പരാതി വന്ന ഉടനെ നടപടിയെടുത്തു. ദുരനുഭവം ഉണ്ടായവർ മുന്നോട്ട് വരാൻ തയ്യാറാകണമെന്നും സജി ചെറിയാൻ പറഞ്ഞു. ഏതെങ്കിലും തരത്തിൽ പരാതി പിൻവലിച്ച് പോകുകയല്ല വേണ്ടത്. ബോൾഡ് ആയി നേരിടണം. അതിനാണ് പ്രഗത്ഭരായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ കേസ്

സമാനമായ രണ്ട് കേസുകൾ നേരത്തെ രഞ്ജിത്തിനെതിരെ ഉയർന്നിരുന്നു. രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും ബംഗാളി നടി 2024 ‍ല്‍ വെളിപ്പെടുത്തിയിരുന്നു. 2009-ൽ 'പാലേരി മാണിക്യം' സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു സംഭവം എന്നായിരുന്നു ആരോപണം. ഈ കേസിൽ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ നൽകി. എന്നാൽ കേസ് കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതി റദ്ദാക്കി. 2009ൽ നടന്ന സംഭവത്തിൽ കേസെടുക്കുന്നതിന് മജിസ്ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി നടപടി. 2012 ൽ ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് സംവിധായകൻ രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നൽകിയിരുന്നു. 'ബാവുട്ടിയുടെ നാമത്തിൽ' സിനിമയുടെ ലൊക്കേഷനിൽ വെച്ച് പരിചയപ്പെട്ട ശേഷം ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും നഗ്നചിത്രങ്ങൾ എടുത്തെന്നും യുവാവ് മൊഴി നൽകി. ഈ ആരോപണത്തിൽ രഞ്ജിത്തിനെതിരെ എറണാകുളം നോർത്ത് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പരാതി നൽകിയതിൽ ഉണ്ടായ 12 വർഷത്തെ കാലതാമസം ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതി 2025 ജൂലൈയിൽ ഈ കേസ് റദ്ദാക്കി.

എന്നും വിവാദത്തിൽ കുടുങ്ങി രഞ്ജിത്

2022 ജനുവരിയിലാണ് പിണറായി സർക്കാർ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് നിയമിക്കുന്നത്. കാര്യമായ പരാതികൾ ഇല്ലാതെ പ്രവർത്തിച്ചിരുന്ന ചലച്ചിത്ര അക്കാദമി അതോടെ വിവാദങ്ങളുടെ കരിനിഴലിലായി. ഒരു ഘട്ടത്തിൽ അക്കാദമി ജനറൽ കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങൾ യോഗം ചേർന്ന് രഞ്ജിത്തിനെ നീക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക മന്ത്രി സജി ചെറിയാന് കത്ത് നൽതുന്നതുവരെ എത്തി കാര്യങ്ങൾ. സംവിധായകൻ ഡോക്ടർ ബിജുവിനെതിരെ രഞ്ജിത്ത് നടത്തിയ മോശം പരാമർശങ്ങൾ വലിയ വിവാദമായി. 2022ലെ രാജ്യാന്തര ചലച്ചിത്രമേളയുടെ നടത്തിപ്പ് തന്നെ വലിയ വിവാദമായി. മേളയുടെ സമാപനത്തിൽ ഡെലിഗേറ്റുകൾ രഞ്ജിത്തിനെ കൂവുന്നതുവരെ കാര്യങ്ങൾ എത്തി. കൂവൽ 'നായ്ക്കൾ കുരയ്ക്കുന്നത് പോലെ' ആണെന്ന രഞ്ജിത്തിന്റെ പ്രസ്താവന കൂടുതൽ വിവാദമായി. പിന്നാലെ സിനിമ അവാർഡ് നിർണയവുമായി ബന്ധപ്പെട്ടും വിവാദം ഉയർന്നു. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് അനധികൃതമായി ഇടപെട്ടെന്ന് സംവിധായകൻ വിനയന്റെ ആരോപണം വലിയ വിവാദമായി. ഇത്രയൊക്കെ ആയിട്ടും സർക്കാർ രഞ്ജിത്തിനെ സംരക്ഷിച്ചു. ഒടുവിൽ ലൈംഗിക പീഡന ആരോപണം ഉയരുകയും മറ്റു വഴികൾ ഇല്ലാതെ വരികയും ചെയ്തപ്പോൾ മാത്രമാണ് സർക്കാരും സാംസ്‌കാരിക മന്ത്രിയും രഞ്ജിത്തിനെ കൈവിട്ടത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എഫ്സിആർഎയില്‍ പ്രശ്‌നമുണ്ടാക്കുന്നത് കോൺഗ്രസ് മനോഭാവമുള്ള ബിഷപ്പുമാരെന്ന് പി സിജോർജ്,അമൃതാനന്ദമയിക്കില്ലാത്ത എന്ത് പരാതിയാണ് ബിഷപ്പുമാർക്കുള്ളത്
സംവിധായകൻ രഞ്ജിത്തിൻ്റെ അറസ്റ്റ്; താൻ ആരുടെയും കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് സുരേഷ് ​ഗോപി, 'കോടതിയാണ് തീരുമാനിക്കേണ്ടത്'