
കോഴിക്കോട് : സിനിമാ പ്രമോഷൻ ചടങ്ങിനെത്തിയ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ കണ്ടാലറിയാവുന്ന 2 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പന്തീരാങ്കാവ് പൊലീസ് കേസ്സെടുത്തു. രണ്ട് നടിമാരുടെയും വിശദമായ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് കേസ്സെടുത്തത്. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ സംഘാടകരോട് പൊലീസ് നിർദേശിച്ചു.
കോഴിക്കോട് ചൊവ്വാഴ്ച വൈകീട്ട് നടന്ന സിനിമ പ്രമോഷൻ ചടങ്ങ് കഴിഞ്ഞിറങ്ങുമ്പോഴാണ് രണ്ട് നടിമാർക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്. സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് വനിത പൊലീസ് ഉദ്യോഗസ്ഥർ ഇരുവരിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. അതിക്രമം നടത്തിയവരെ കണ്ടാൽ തിരിച്ചറിയുമെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. ഒരു പരിപാടിക്കിടെ സംഭവിച്ചതാണെങ്കിലും വ്യത്യസ്ഥ സംഭവങ്ങളായതിനാലാണ് വെവ്വേറെ കേസ്സുകളെടുത്തത്. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാർഡ് ഡിസ്ക് ഉടൻ തന്നെ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിലെടുക്കും. മാൾ അധികൃതരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
വിദൂര ദൃശ്യങ്ങളായതിനാൽ കൂടുതൽ സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യേണ്ടതുണ്ട്. അതിക്രമത്തിനെതിരെ ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതിലുളളയാൾ കോഴിക്കോട്ടുകാരനെന്നാണ് വിവരം. ഇയാൾ തന്നെയാണോ അതിക്രമം നടത്തിയതെന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാനാവില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. കൂടുതൽ വ്യക്തതക്ക് വേണ്ടി പരിപാടിയുടെ മുഴുവൻ ദൃശ്യങ്ങളും കൈമാറാൻ സംഘാടകരോട് പൊലീസ് ആവശ്യപ്പെട്ടു. പരിപാടി സമയത്ത് മാളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ പാളിച്ചയുണ്ടായോ എന്നതുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്
നടിമാര്‍ക്ക് നേരെ അതിക്രമം നടത്തിയവരെ സിസിടിവി ദൃശ്യങ്ങളിൽ തിരിച്ചറിയാൻ സാധിക്കുന്നുണ്ടെന്ന് പൊലീസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam