
തിരുവനന്തപുരം: കേസുകളിൽ പ്രതി ചേർക്കപ്പെട്ട വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകരുതെന്ന കേരള സർവകലാശാല വിസി ഡോ. മോഹൻ കുന്നുമ്മലിന്‍റെ സർക്കുലറിനെതിരെ എസ്എഫ്ഐ. ചരിത്ര നിഷേധ ഉത്തരവുകൾ പൊതുജനങ്ങൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ് പ്രതികരിച്ചു . വൈസ് ചാൻസലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും സഞ്ജീവ് വ്യക്തമാക്കി.
"ഇർവിൻ പ്രഭു അന്ന്
മോഹൻ കുന്നുമ്മൽ പ്രഭു ഇന്ന്
"കേസുകളിൽ പ്രതിച്ചേർക്കപ്പെട്ട വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ഇല്ലെന്ന് വിസി ആവാൻ യോഗ്യത ഇല്ലാത്ത ഡോ. മോഹൻ കുന്നുമ്മൽ."
പണ്ട് ബ്രിട്ടീഷ് ഭരണവും ഇങ്ങനെയായിരുന്നു. ഇന്ത്യയിലെ സാധാരണക്കാർക്ക് നേരെ, അവരുടെ അവകാശങ്ങളെ സമാനമായ ഉത്തരവിലൂടെ വ്യത്യസ്ത ഘട്ടത്തിൽ നേരിട്ടു.
സമരത്തിലൂടെയും, ജനവിരുദ്ധ നിയമങ്ങളെ നേരിട്ടും ഉടലെടുത്ത ഇന്ത്യ എന്ന രാജ്യവും അതിന്‍റെ ദേശീയതയും, ഐതിഹാസിക സമരങ്ങളും മനുഷ്യരുടെ ജീവനും കൊടുത്ത് കുട്ടികൾക്ക് പഠിക്കാൻ അവകാശം നേടിയെടുത്ത ഈ കേരളത്തിൽ, സംഘപരിവാർ എന്ന രാജ്യവിരുദ്ധ സംഘം കൂടെ ഉണ്ടെന്ന് കരുതി നടത്തുന്ന ഇത്തരം ചരിത്രനിഷേധ ഉത്തരവുകൾ പൊതുജനങ്ങൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്നുറപ്പ്.
ശക്തമായ പ്രതിഷേധം ഉയരും"
ക്രിമിനൽ കേസ് പ്രതികളായാൽ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ഇല്ലെന്ന തീരുമാനവുമായി കേരള വിസി മുന്നോട്ട്. വിഷയത്തിൽ കോളജുകൾക്ക് വിസി മോഹൻ കുന്നുമ്മൽ സർക്കുലർ അയച്ചിരിക്കുകയാണ്. പ്രവേശനം നേടുന്നവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നൽകണമെന്നും സര്‍ക്കുലറിലുണ്ട്. സത്യവാങ്മൂലം ലംഘിച്ച് കേസിൽ പ്രതികളായാൽ നടപടി എടുക്കാം.
സത്യവാങ്മൂലത്തിൽ നാല് ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോളേജുകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ?
ക്രിമിനൽ കേസുകളിൽ പ്രതികളാണോ?
സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനൽ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?
പരീക്ഷ ക്രമക്കേടിൽ ഉൾപെട്ടിട്ടുണ്ടോ? എന്നിവയാണവ.
ഈ ചോദ്യങ്ങൾക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ മറുപടി നൽകണം. സർക്കുലർ ലംഘിച്ചാൽ നടപടി കോളേജ് കൗൺസിലിന് തീരുമാനിക്കാമെന്നും സര്‍ക്കുലറിൽ വ്യക്തമാക്കുന്നു.