നടക്കുന്നത് കള്ളപ്രചാരണം, ജനാധിപത്യം പഠിപ്പിക്കേണ്ടെന്നും സച്ചിൻ ദേവ്; സംഘപരിവാർ പതിപ്പാകാകരുതെന്ന് എഐഎസ്എഫ്

By Web TeamFirst Published Oct 23, 2021, 7:46 PM IST
Highlights

പ്രവർത്തകരുടെ മോശമായ പെരുമാറ്റം പരിശോധിക്കാൻ തയ്യാറാണ്. പ്രചരിക്കുന്ന വീഡിയോയിൽ എസ്എഫ്ഐക്ക് പങ്കുണ്ടെങ്കിൽ അന്വേഷിക്കാം. സ്ഥലത്തില്ലാതിരുന്നയാളെ കുറിച്ച് എഐഎസ്എഫ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു

തിരുവനന്തപുരം: എംജി സർവകലാശാല സെനറ്റ് (MG University Senate) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പരസ്പരം കൊമ്പുകോർത്ത് എസ്എഫ്ഐയും (SFI) എഐഎസ്എഫും (AISF). തങ്ങൾക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും ജനാധിപത്യം പഠിപ്പിക്കേണ്ടെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് (Sachin Dev MLA) പറഞ്ഞപ്പോൾ കടുത്ത ഭാഷയിൽ എസ്എഫ്ഐയെ വിമർശിച്ച് എഐഎസ്എഫ് നേതാവ് ശുഭേഷ് സുധാകരനും (Subhesh Sudhakaran) രംഗത്തെത്തി.

എഐഎസ്എഫ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് സച്ചിൻ ദേവ് എംഎൽഎ ആരോപിച്ചു. സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വലിയ പിന്തുണയോടെ ജയിച്ചു. എഐഎസ്എഫിന് സ്വതന്ത്രർക്ക് കിട്ടിയ വോട്ട് പോലും കിട്ടിയില്ല. എസ്എഫ്ഐക്കാരെന്ന വ്യാജേന എഐഎസ്എഫ് തിരിച്ചറിയൽ കാർഡുകളിറക്കി. സെനറ്റിൽ സീറ്റ് കിട്ടാത്തതിന്റെ ജാള്യത മറക്കാനുള്ള ആരോപണമാണ് എഐഎസ്എഫിന്റേത്. ഇത് ഇടത് വിദ്യാർത്ഥി സംഘടനയുടെ രീതിയല്ല. എസ്എഫ്ഐക്കെതിരെ കള്ളപ്രചാരണം നടത്തുന്നു. സംഘർഷങ്ങളെ ന്യായീകരിക്കില്ല. ജയിക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്എഫ്ഐ എന്തിന് പ്രകോപനമുണ്ടാക്കണം? പ്രവർത്തകരുടെ മോശമായ പെരുമാറ്റം പരിശോധിക്കാൻ തയ്യാറാണ്. പ്രചരിക്കുന്ന വീഡിയോയിൽ എസ്എഫ്ഐക്ക് പങ്കുണ്ടെങ്കിൽ അന്വേഷിക്കാം. സ്ഥലത്തില്ലാതിരുന്നയാളെ കുറിച്ച് എഐഎസ്എഫ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു.

ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് എഐഎസ്എഫ് മൊഴി നൽകിയെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം നിഷ്പക്ഷമായും സ്വതന്ത്രമായും അന്വേഷിക്കണം. പിശക് ആർക്കും ചൂണ്ടിക്കാട്ടാം. ചില പ്രവർത്തകരെ മാത്രം കേട്ടാണ് എഐഎസ്എഫ് മുന്നോട്ട് പോകുന്നത്. എസ്എഫ്ഐയെ തകർക്കാനുള്ള ശ്രമം പരാജയപ്പെടുത്തും. എഐഎസ്എഫ് ജനാധിപത്യം പഠിപ്പിക്കാൻ വരേണ്ട. അടിയന്തിരാവസ്ഥ കാലത്ത് സ്വീകരിച്ച നിലപാട് വ്യക്തമാക്കണം. ജനാധിപത്യ ധ്വംസനം നടത്തിയതാരെന്ന് ചരിത്രം അറിയുന്ന ആർക്കുമറിയാം. കേരള സർവകലാശാല സെനറ്റിൽ എഐഎസ്എഫിനെ നിലനിർത്തിയത് എസ്എഫ്ഐ വോട്ട് കൊടുത്താണ്. അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി എസ്എഫ്ഐയെ തകർക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐ പ്രവർത്തകർ എഐഎസ്എഫിനെതിരെ നടത്തിയ ആക്രമണം അപലപനീയമാണെന്നായിരുന്നു ശുഭേഷിന്റെ പ്രതികരണം. പശ്ചിമ ബംഗാളിൽ എസ്എഫ്ഐക്ക് നേരിട്ട വംശനാശം എഐഎസ്എഫിനുണ്ടായിട്ടില്ല. സംഘപരിവാരത്തിന്റെ മറ്റൊരു പതിപ്പായി എസ്എഫ്ഐ മാറരുത്. സംഘപരിവാറിനെതിരെ പുരപ്പുറ പ്രസംഗം നടത്തുന്നവരാണ് എഐഎസ്എഫിനെ ആക്രമിക്കുന്നത്. സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയല്ല ഫാസിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയായി മാറിയെന്നും എഐഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായ ശുഭേഷ് സുധാകരൻ പറഞ്ഞു.

click me!