
കോഴിക്കോട്: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണെന്ന് എസ്എഫ്ഐ. പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നത് അനുവദനീയമല്ല എന്ന തരത്തിലുള്ള പ്രസ്താവനകൾ ആധുനിക ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. നിരവധി പ്രഗത്ഭരായ മുസ്ലിം വനിതകൾ ലോകത്തെയും രാജ്യത്തെയും തന്നെ വിവിധ തുറകളിൽ നയിക്കുകയും ചരിത്രത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള കാലമാണിത്. വിദ്യാഭ്യാസം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി സമസ്ത മേഖലകളിലും സ്ത്രീകൾ നേതൃനിരയിലേക്ക് ഉയർന്നുവരുന്ന ഈ സാഹചര്യത്തിൽ, അവരെ വീടിനുള്ളിൽ തളച്ചിടാനും പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്താനും ലക്ഷ്യമിട്ടുള്ള ചിന്താഗതികൾ പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ വ്യക്തമാക്കി.
സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ 'പ്രദർശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണ്. ഇന്ത്യൻ ഭരണഘടന രാജ്യത്തെ ഓരോ പൗരനും ഉറപ്പുനൽകുന്ന തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണ് ഇത്തരം പ്രസ്താവനകൾ. ഭരണഘടനയുടെ ആർട്ടിക്കിൾ 14 വിഭാവനം ചെയ്യുന്ന തുല്യാവകാശവും ആർട്ടിക്കിൾ 19 നൽകുന്ന സഞ്ചാര-സ്വാതന്ത്ര്യവും സ്ത്രീകൾക്കും ബാധകമാണ്. വിശ്വാസത്തിന്റെ പേരിലായാൽ പോലും ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാകില്ല. കാലം മുന്നോട്ട് സഞ്ചരിക്കുമ്പോൾ സമൂഹത്തെ നൂറ്റാണ്ടുകൾ പിന്നോട്ട് വലിക്കാനാണ് ഇത്തരം ഫത്വകളിലൂടെ യാഥാസ്ഥിതിക നേതൃത്വം ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ വിമർശിച്ചു.
ലിംഗസമത്വത്തിനും പുരോഗമന ആശയങ്ങൾക്കും തുല്യാവകാശങ്ങൾക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ കേരള സമൂഹത്തെ അപമാനിക്കുന്ന ഭരണഘടനാ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഈ സർക്കുലർ പിൻവലിക്കാൻ സമസ്ത നേതൃത്വം തയ്യാറാകണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്ത്രീകളെ രണ്ടാം കിടക്കാരായി കാണുന്നതുമായ ഇത്തരം പിന്തിരിപ്പൻ ആശയങ്ങളെ തള്ളിക്കളയാനും ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കാനുമായി വിദ്യാർത്ഥികളും കേരളീയ പൊതുസമൂഹവും ഒന്നടങ്കം ശബ്ദമുയർത്തണമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും പ്രസിഡന്റ് എം ശിവപ്രസാദും പ്രസ്താവനയിലൂടെ അറിയിച്ചു.
അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നാണ് സമസ്ത കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിൽ പറയുന്നത്. മത ആഘോഷങ്ങളിൽ അതിർവരമ്പ് ലംഘിക്കരുത്. പരിപാടികൾ ഇസ്ലാമിക മാനദണ്ഡം വെച്ചായിരിക്കണം നടത്തുന്നത്. നിരത്തുകളിലും വേദിയിലും അന്യ പുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിചേർക്കരുതെന്നും മഹല്ലുകൾക്ക് നൽകിയ സർകുലറിൽ പറയുന്നു.
ഇസ്ലാമിക ആഘോഷങ്ങളും ചടങ്ങുകളും മതപരമായ അതിർവരമ്പുകൾ ലംഘിച്ച് മുന്നോട്ട് പോകുന്നത് ഗൗരവത്തോടെ കാണണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ അഭ്യർത്ഥിച്ചു. ഇത്തരം പരിപാടികൾ തികച്ചും ഇസ്‌ലാമിക മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ മഹല്ല് ഭാരവാഹികളും പള്ളി, മദ്റസ, മറ്റ് സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുടെ നേതൃത്വവും പ്രത്യേക ജാഗ്രത പുലർത്തണമെന്നും ഇവര്‍ വ്യക്തമാക്കി. ഇസ്‌ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷ രീതികളും കൂട്ടയിണക്കുന്നതും വിശ്വാസികൾക്ക് ചേർന്നതല്ലെന്നും അനുവദനീയമല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മതകീയ മൂല്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട് മാത്രമായിരിക്കണം മഹല്ല് തലത്തിലും അല്ലാതെയും നടക്കുന്ന മുഴുവൻ പരിപാടികളും സംഘടിപ്പിക്കേണ്ടതെന്നും വരും തലമുറയിലേക്ക് സന്മാർഗികമായ മാതൃകകൾ പകർന്നുനൽകാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും നേതാക്കൾ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam