
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച നുണപ്രചാരണങ്ങളെല്ലാം കോൺഗ്രസ് എംപി ജെബി മേത്തർക്ക് രാജ്യസഭയിൽ ലഭിച്ച മറുപടിയോടെ പൊളിഞ്ഞടങ്ങിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം ശിവപ്രസാദ്. ബി.ജെ.പിയുടെ ചെളിക്കുണ്ടിൽ മുങ്ങിത്താഴുന്ന കോൺഗ്രസിനെയും ലീഗിനെയും ഓർത്ത് കേരളം ലജ്ജിക്കണമെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യസഭയിൽ ലഭിച്ച മറുപടിയിൽ എന്താണ് പിഎം ശ്രീ എന്നും അത് എങ്ങനെയാണ് നടപ്പിലാക്കുന്നതെന്നും വളരെ വ്യക്തമായി പറയുന്നുണ്ട്. പദ്ധതി നടപ്പിലാക്കണമെങ്കിൽ സംസ്ഥാന സർക്കാരുകൾ സ്കൂളുകളുടെ ലിസ്റ്റ് കേന്ദ്രത്തിന് കൈമാറണം. എന്നാൽ അത്തരം ഒരു ലിസ്റ്റും കേരളം കൈമാറിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് ശേഷം കേരളത്തിന് ലഭിച്ചത് സമഗ്ര ശിക്ഷാ കേരളയുടെ കുടിശ്ശികയായിരുന്ന തുകയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്. എൽഡിഎഫ് സർക്കാരിനെതിരെ യുഡിഎഫ് നടത്തിയ വ്യാജപ്രചാരണങ്ങൾ സ്വന്തം എംപിയുടെ ചോദ്യത്തിലൂടെത്തന്നെ പൊളിയുകയായിരുന്നു. ആ സമയത്തുതന്നെയാണ് പിഎം ശ്രീയുമായി മുന്നോട്ടുപോകുമെന്ന് യുഡിഎഫ് നേതാക്കൾ പ്രഖ്യാപിക്കുന്നത്. സ്കൂളുകളുടെ ലിസ്റ്റ് കൈമാറാൻ തയ്യാറെടുക്കുന്നതിലൂടെ മതനിരപേക്ഷ കേരളത്തെയാണ് യുഡിഎഫ് ഒറ്റുകൊടുക്കുന്നത്. വിഡി സതീശൻ - ആർഎസ്എസ് ഡീലിന് ചൂട്ടുപിടിക്കാൻ മുസ്ലിം ലീഗും ഇറങ്ങുന്നത് വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളോടുള്ള വലിയ വഞ്ചനയാണെന്നും ഇതിന് ഇവർ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും എം. ശിവപ്രസാദ് കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam