
കൊച്ചി: പള്ളുരുത്തി ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി എസ്എഫ്ഐ. മതനിരപേക്ഷ വിദ്യാഭ്യാസത്തിൻ്റെ ലോക മാതൃകയായ കേരളത്തിൽ നിർബന്ധമായും ഒഴിവാക്കേണ്ട ഈ വിഷയത്തെ പിടിവാശി കൊണ്ട് അനാവശ്യ വിവാദമാക്കിയതിന് സെൻ്റ് റീത്ത പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പാളിനോട് നന്ദിയുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ഫേസ്ബുക്കിൽ പരിഹസിച്ചു. ഛത്തീസ്ഗഢിൽ തിരുവസ്ത്രം ധരിച്ച കന്യാസ്ത്രീകളെ അക്രമിക്കുമ്പോൾ അവർ ധരിച്ചിരുന്ന വസ്ത്രം കൂടിയായിരുന്നു സംഘപരിവാരിൻ്റെ പ്രശ്നമെന്ന് മറന്നു പോകരുത്. സംഘപരിവാരം ചുട്ടെരിച്ചു കളഞ്ഞ ഗ്രഹാം സ്റ്റെയിൻ എന്ന മിഷനറിയെ മറന്നു പോകരുതെന്നും ശിവപ്രസാദ് കുറിച്ചു. മതവിശ്വാസവും വസ്ത്രവും അക്രമിക്കപ്പെടാനുള്ള കാരണമാകുന്ന വർഗീയ വാദികൾ ഭരിക്കുന്ന വർത്തമാനകാല ഇന്ത്യയെക്കുറിച്ചും മറന്നു പോകരുത്. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതാണ് ജനാധിപത്യമെന്നും മറന്നു പോകരുത്. ഇതെല്ലാം ഓർമ്മയിൽ ഉണ്ടാവാൻ കൂടി പ്രാർത്ഥിക്കുന്നത് നന്നാവുമെന്നും എസ്എഫ്ഐ നേതാവ് വ്യക്തമാക്കി.
നേരത്തെ, സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്ക് നന്ദി അറിയിച്ച് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഹെലീന ആൽബി രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിക്കും നന്ദി അറിയിച്ചു. സ്കൂൾ നിയമങ്ങൾ അനുസരിക്കാൻ തയാറാണെങ്കിൽ വിദ്യാർത്ഥിനിക്ക് സ്കൂളിൽ പഠനം തുടരാമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. `സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്ക് നന്ദി. സ്‌കൂളിലെ നിയമങ്ങൾ അനുസരിച്ച് വിദ്യാർത്ഥിനി വന്നാൽ തുടരാം. കുട്ടികൾക്ക് വേണ്ടതെല്ലാം സ്കൂൾ നൽകുന്നുണ്ട്. കുട്ടി സ്കൂളിൽ നിന്ന് ടിസി വാങ്ങാൻ തീരുമാനിച്ച കാര്യം അറിയില്ല. കോടതിയെയും സർക്കാരിനെയും ബഹുമാനിക്കുന്നു. കോടതിയുടെ മുന്നിലുള്ള വിഷയങ്ങളിൽ നിയമം അതിന്റെ വഴിക്ക് പോകട്ടെ'- സിസ്റ്റർ ഹെലീന ആൽബി പറഞ്ഞു.
ഹിജാബ് വിവാദത്തില്‍ സ്കൂള്‍ മാനേജ്മെന്‍റിനെതിരെ കടുത്ത വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. കുട്ടി സ്കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പാളാണെന്നും വി ശിവൻകുട്ടി വിമര്‍ശിച്ചു. പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്നും കുട്ടിയെ സ്കൂള്‍ മാറ്റുമെന്നും പിതാവ് അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം, പാലക്കാട്ടെ 14 കാരന്‍റെ ആത്മഹത്യയില്‍ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിഡിഇയുടെ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.