കേരള സർവകലാശാല ചെങ്കോട്ട തന്നെ, എസ്‌എഫ്‌ഐക്ക് ഉജ്ജ്വല വിജയം; ശിവ എസ് ചെയർമാൻ, 37 ൽ 35 സീറ്റും എസ്എഫ്ഐക്ക്, കെഎസ്‍യുവിന് വൈസ് ചെയർമാനടക്കം 2 സീറ്റ്

Published : May 25, 2026, 06:01 PM IST
sfi

Synopsis

കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ ഉജ്ജ്വല വിജയം നേടി ഭരണം നിലനിർത്തി. ആകെയുള്ള 37 സീറ്റുകളിൽ 35 എണ്ണവും നേടിയപ്പോൾ ശിവ എസ് പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. കെഎസ്‍യുവിന് വൈസ് ചെയർപേഴ്സൺ സ്ഥാനം ഉൾപ്പെടെ രണ്ട് സീറ്റുകൾ മാത്രമാണ് നേടാനായത്

കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയത്തോടെ ഭരണം നിലനിർത്തി എസ്‌ എഫ്‌ ഐ. ആകെയുള്ള 37 സീറ്റുകളിൽ 35 സീറ്റും നേടിയാണ് എസ്‌ എഫ്‌ ഐ യൂണിയൻ തിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയത്. യൂണിയന്റെ ചെയർമാൻ സ്ഥാനത്തടക്കം എസ്‌ എഫ്‌ ഐക്ക് വമ്പൻ വിജയമാണ് സ്വന്തമായത്. എസ്‌ എഫ്‌ ഐയുടെ ശിവ എസ്‌ ആണ് പുതിയ കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. സർവകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളിൽ തങ്ങൾക്കുള്ള ശക്തമായ സ്വാധീനം ഒരിക്കൽക്കൂടി തെളിയിക്കുന്നതായി എസ്‌ എഫ്‌ ഐയുടെ ഈ തിളക്കമാർന്ന വിജയം. യൂണിയനിലെ മൂന്ന് വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിൽ ഒന്നിൽ മാത്രമാണ് കെ എസ്‌ യുവിന് വിജയിക്കാനായത്. കെ എസ്‌ യു സ്ഥാനാർത്ഥിയായ ഫാത്തിമ ഫർഹയാണ് വൈസ് ചെയർപേഴ്സൺ സ്ഥാനം നിലനിർത്തിയത്. തിരഞ്ഞെടുപ്പിൽ മൊത്തം രണ്ട് സീറ്റുകൾ മാത്രമാണ് കെ എസ്‌ യുവിന് നേടാനായത്. വൈസ് ചെയർപേഴ്സൺ സ്ഥാനത്തിന് പുറമെ അക്കൗണ്ട്സ് കമ്മിറ്റി സ്ഥാനവും കെ എസ്‌ യു സ്വന്തമാക്കി. സർവകാലാശാലകളും വിദ്യാർഥികളും എസ് എഫ് ഐക്കൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ വമ്പൻ വിജയമെന്നാണ് നേതാക്കൾ പ്രതികരിച്ചത്.

ഗവർണർക്കെതിരെ എസ് എഫ് ഐ

അതിനിടെ സർവ്വകലാശാലകളിൽ വിദ്യാർത്ഥി സംഘടന പ്രവർത്തനം നിയന്ത്രിക്കണമെന്ന ഗവർണറുടെ വിചിത്ര ഉത്തരവ് ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ശക്തമായ സമരം ഉയർത്തുമെന്നും എസ് എഫ് ഐ വ്യക്തമാക്കി. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സർവകലാശാലകളിലെ വിദ്യാർത്ഥി സംഘടന പ്രവർത്തനത്തെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലെ സർവകലാശാലകളിലേക്ക് അയച്ച ഉത്തരവ് അതീവ ഗുരുതര സ്വഭാവത്തോടെ കേരളീയ പൊതുസമൂഹം കാണണം. കേരളത്തിന്റെ മതനിരപേക്ഷ ബോധത്തെ നാം നട്ടുവളർത്തിയത് ക്യാമ്പസുകളിൽ നിന്നാണ്. കേരള സമൂഹത്തെ 'പ്രബുദ്ധ മലയാളി' പദവിയിലേക്ക് എത്തിച്ചതിൽ വിദ്യാർത്ഥി സംഘടന പ്രവർത്തനം വഹിച്ച പങ്ക് വലുതാണ്. ഈ കാരണത്താൽ തന്നെ കേരളത്തെ കീഴടക്കാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ സംഘിയായ ഗവർണർ കേരള സമൂഹത്തിൽ അരാഷ്ട്രീയത പടർത്താനും, അതുവഴി അപരമത വിദ്വേഷം സൃഷ്ടിക്കാനും ഉള്ള വഴിയായി സർവകലാശാലകളിൽ രാഷ്ട്രീയ നിരോധനം ഏർപ്പെടുത്തുക എന്ന അപകടകരമായ രാഷ്ട്രീയം കളിക്കുകയാണ് ചെയ്യുന്നത്. സെനറ്റിലും, സിൻഡിക്കേറ്റിലും, വിസിമാരിലും അപ്രമാദിത്വം സൃഷ്ടിച്ചാലും സംഘപരിവാർവത്കരണം സാധ്യമാക്കാൻ എത്ര തുനിഞ്ഞാലും കേരളത്തിലെ ക്യാമ്പസിലെ വിദ്യാർത്ഥികളുടെ രാഷ്ട്രീയ ബോധ്യത്തിന് മുന്നിൽ, എസ്എഫ്ഐ ക്ക് മുന്നിൽ തോൽക്കുമെന്ന് ആർ എസ് എസ്സിന് നന്നായി അറിയാം. കേരളത്തിന്റെ ഈ ചെറുത്തുനിൽപ്പിനെ ഇല്ലാതാക്കാനാണ് ഗവർണർ വിചിത്രമായ ഉത്തരവിറക്കിയിരിക്കുന്നത്. അധികാരത്തിൽ കയറിയ യു ഡി എഫ് ഗവണ്മെന്റ് ഗവർണറുമായ വിഷയത്തിൽ നിലപാട് തുറന്ന് പറഞ്ഞുകൊണ്ട് ഇതിനെതിരെ ശബ്ധിക്കില്ല എന്ന് കേരളത്തിന്റെ പ്രബുദ്ധസമൂഹത്തോട് വെളുപ്പെടുത്തുക കൂടെ ചെയ്തിരിക്കുകയാണ്. കേരളത്തെ അപ്പാടെ വിഴുങ്ങാനുള്ള സംഘപരിവാർ പദ്ധതിയുടെ വിദ്യാഭ്യാസ മേഖലയിലെ കുബുദ്ധിയാണ് ഗവർണർ ഇപ്പോൾ പുറത്തെടുത്തിരിക്കുന്നത് എന്നത് ഉറപ്പാണ്. രോഹിത് വെമുലയും ഫാത്തിമ ലത്തീഫും ജിഷ്ണു പ്രണോയും നിതിൻ രാജും അടക്കമുള്ള ആയിരക്കണക്കിന് വരുന്ന വിദ്യാർത്ഥികൾ ജാതി മത വിവേചനത്താലും മാനേജ്മെന്റ് പീഡനത്താലും കൊലചെയ്യപ്പെട്ടപ്പോൾ ഇനിയൊന്ന് ആവർത്തിക്കാതിരിക്കാൻ തെരുവിലിറങ്ങിയതും പ്രതിരോധം തീർത്തതും രാഷ്ട്രീയ മൂല്യമുള്ള വിദ്യാർത്ഥി സംഘടന പ്രവർത്തമാണ് എന്നത് നാം ഓർമിക്കണം. കേരളത്തിന്റെ ക്യാമ്പസുകളുടെ മതിൽക്കെട്ടിന് പുറത്തേക്ക് ജാതി മത വർഗ്ഗീയ ശക്തികളെ വലിച്ചെറിയുവാൻ കരുത്ത് നൽകിയതും എസ് എഫ് ഐ എന്ന വിദ്യാർത്ഥി സംഘടന തന്നെയാണ്. മതനിരപേക്ഷ കേരളത്തെ കെട്ടുറപ്പോടെ നിലനിർത്താനുള്ള പോരാട്ടങ്ങൾ എസ് എഫ് ഐ ശക്തമായി തുടരുക തന്നെ ചെയ്യും. മതനിരപേക്ഷതയുടെ കേന്ദ്രങ്ങളായ സർവ്വകലാശാലകളെയും കലാലയങ്ങളെയും സംഘപരിവാറിന് വിട്ടു തരികയില്ല. കേരളത്തെ കീഴടക്കാനുള്ള ആർ എസ് എസ് മോഹത്തെ അതിശക്തമായ സമരപോരാട്ടങ്ങളിലൂടെ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും. കേരളത്തിന്റെ കലാലയങ്ങളിൽ വിദ്യാർത്ഥി സംഘടന പ്രവർത്തനം നിരോധിക്കുവാനുള്ള ഗവർണറുടെ ഉത്തരവിനെ ചെറുക്കുമെന്നും ക്യാമ്പസുകളിൽ ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് ശക്തമായ സമരം ഉയർത്തുമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ് സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സതീശൻ സർക്കാരിന് പിണറായിയുടെ ആദ്യ വെല്ലുവിളി, സമരം ചെയ്തവർ അധികാരത്തിലേറിയപ്പോൾ ഇന്ധന സെസ് കുറയ്ക്കുമോ? 'വില വർധനവ് കേന്ദ്രത്തിന്‍റെ പകൽക്കൊള്ള'
കേരളത്തിലെ തോൽവി കനത്ത തിരിച്ചടി, പാർട്ടിയും മുന്നണിയും അതീവ ഗൗരവത്തോടെ കാരണങ്ങൾ വിലയിരുത്തും; ജൂലൈയിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരുമെന്നും ബേബി